കണ്ണൂരിൽ വോട്ടെടുപ്പിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് മർദ്ദനം

Friday 12 December 2025 3:43 AM IST

കണ്ണൂർ: വോട്ടെടുപ്പിനിടെ കണ്ണൂർ ജില്ലയിൽ സി.പി.എം പ്രവർ‌ത്തകർ സ്ഥാനാർത്ഥികളെയടക്കം മ‌ർദ്ദിച്ചെന്ന് യു.ഡി.എഫ്. പരിയാരം പഞ്ചായത്ത് പതിനാറാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി.സജീവൻ,​മാലൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് കണ്ടേരി പൊയിൽപഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അമല,​ഇവർക്കൊപ്പമുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് ജില്ലാസെക്രട്ടറി രാഹുൽ മേക്കിലേരി,​പാനൂർ ബ്ലോക്ക് യു.ഡി.എഫ് പല്ല്യോട് ഡിവിഷൻ സ്ഥാനാർഥി കെ.ലതിക എന്നിവർക്കാണ് മർദ്ദനമേറ്റത്.

മുഴക്കുന്ന് വട്ടപ്പൊയിൽ സ്‌കൂളിലെ ബൂത്തിൽ വച്ച് സി.പി.എം പ്രവർത്തകർ തള്ളിയിടുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പേരാവൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് നേതാവുമായ സജിത മോഹനനും പരാതിപ്പെട്ടു.

അതേസമയം,തളിപ്പറമ്പ് പട്ടുവം പഞ്ചായത്തിലെ അരിയിൽ വാർഡിൽ സി.പി.എം ബൂത്ത് ഏജന്റ് അബ്ദുള്ളയെ ലീഗ് പ്രവർത്തകർ കൈയേറ്റം ചെയ്തു. യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ ആസൂത്രിത അക്രമമാണ് ഏജന്റിനെതിരെ നടന്നതെന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹത്തെ സന്ദർശിച്ച സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.