വോട്ട് ചെയ്യാൻ ബാങ്കോക്കിൽ നിന്ന് യൂസഫലി പറന്നെത്തി
നാട്ടിക: വോട്ട് ചെയ്യാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ബാങ്കോക്കിൽനിന്ന് ബിസിനസ് ജെറ്റിൽ പറന്നെത്തി. നാട്ടിക പഞ്ചായത്തിലെ മൂന്നാം വാർഡിലെ ഒന്നാം ബൂത്തായ എം.എൽ.പി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എ.ഷൗക്കത്തലി, ബി.ജെ.പി സ്ഥാനാർത്ഥി പി.വി.സെന്തിൽ കുമാർ, എൽ.ഡി.എഫ് സ്ഥാനാർത്ഥി ഐ.പി.മുരളി എന്നിവർ ബൂത്തിന് മുന്നിൽ കാത്തുനിന്നു. സ്ഥാനാർത്ഥികളോട് കുശലാന്വേഷണം നടത്തിയാണ് വോട്ട് രേഖപ്പെടുത്തി മടങ്ങിയത്.
ബാങ്കോക്കിൽ ലുലുവിന്റെ പുതിയ ഭക്ഷ്യസംസ്‌കരണ ലോജിസ്റ്റിക്‌സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം തായ്‌ലാൻഡ് വാണിജ്യ മന്ത്രി നിർവഹിച്ച ശേഷമാണ് യൂസഫലി കേരളത്തിലേക്ക് പറന്നത്. ഉച്ചയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. അവിടെനിന്ന് ഹെലികോപ്റ്ററിലാണ് നാട്ടികയിലെത്തിയത്.
ഒരു കച്ചവടക്കാരനും വാർഡ് മെമ്പറും ഒരുമിച്ച് നിന്നാൽ വാർഡ് മെമ്പറിനാണ് മുൻഗണന നൽകേണ്ടത്. അദ്ദേഹം ജനങ്ങളുടെ പ്രതിനിധിയാണ്. പഠിച്ച സ്‌കൂളിൽ തന്നെയാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്
-എം.എ.യൂസഫലി