മുഖ്യമന്ത്രി കുടുംബത്തോടൊപ്പമെത്തി; സ്‌പീക്കർ ക്യൂവിൽ നിന്ന് വോട്ടിട്ടു
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പിണറായിയിലെ ചേരിക്കൽ ജൂനിയർ ബേസിക് സ്‌കൂളിലെ ഒന്നാം ബൂത്തിൽ രാവിലെ ഏട്ടോടെ വോട്ട് രേഖപ്പെടുത്തി. ഭാര്യ കമല,മകൾ വീണാ വിജയൻ,മകൻ വിവേക് കിരൺ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. വോട്ടിംഗ് പൂർത്തിയാക്കി ബൂത്തിൽ നിന്ന് ഇറങ്ങിയ മുഖ്യമന്ത്രി വോട്ടു രേഖപ്പെടുത്താനെത്തിയവരോട് കുശലം പറഞ്ഞ് അല്പസമയത്തിനകം മടങ്ങി.
കഥാകൃത്ത് ടി.പത്മനാഭൻ കോർപ്പറേഷൻ 7ാം ഡിവഷനിൽ രാമതെരു വോയ്സ് ഇംഗീഷ് മീഡിയം സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. സ്‌പീക്കർ എ.എൻ.ഷംസീർ തലശേരി നഗരസഭയിലെ പുന്നോൽ എൽ.പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. രാവിലെ ഒമ്പതോടെ സഹോദരനും സഹോദരി പുത്രിക്കുമൊപ്പം വരിയിൽ നിന്നാണ് പുന്നോൽ എയ്ഡഡ് എൽ.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയത്.
മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി കണ്ടോന്താർ ചെറുവിച്ചേരി എൽ.പി സ്‌കൂളിലും എ.കെ.ശശീന്ദ്രൻ ചൊവ്വ ധർമസമാജം യു.പി സ്‌കൂളിലും വോട്ട് ചെയ്‌തു. ടി.ഐ.മധുസൂദനൻ എം.എൽ.എ പയ്യന്നൂർ നഗരസഭയിലെ 21ാം വാർഡിൽ മാവിച്ചേരി അങ്കണവാടി ബൂത്തിലും ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ് വയത്തൂർ യു .പി.എസിലും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ പായം പഞ്ചായത്ത് പതിനാലാം വാർഡ് കടത്തുംകടവ് സെന്റ് ജോൺസ് ബാപ്പിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ ബൂത്തിലും കെ.പി.മോഹനൻ എം എൽ.എ പുത്തൂർ ഇസ്ലാം ഹയാത്തുൽ മദ്രസയിലെ ഒന്നാം നമ്പർ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.
സി.പി.ഐ ദേശീയ സെക്രട്ടറി അഡ്വ.പി.സന്തോഷ് കുമാർ എം.പി എടചൊവ്വ തുഞ്ചത്താചാര്യ സ്‌കൂളിലും മുൻ എം.പി പന്ന്യൻ രവീന്ദ്രൻ കക്കാട് നോർത്ത് യു.പി സ്‌കൂളിലും വോട്ട് ചെയ്തു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി ചെറുതാഴം സൗത്ത് ഗവ.എൽ.പി സ്‌കൂളിലും ഇ.പി.ജയരാജൻ അരോളി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലുമാണ് വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ജയരാജൻ പെരളശേരി എ.കെ.ജി സ്‌മാരക ഗവ.ഹയർസെക്കൻഡറി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി.