തദ്ദേശ തിരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിൽ വോട്ടെടുപ്പ് സമാധാനപരം: 77.38% പോളിങ്
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ വോട്ടെടുപ്പ് നടന്ന മലപ്പുറം ജില്ലയിൽ പോളിംഗ് സമാധാനപരം. 122 തദ്ദേശ സ്ഥാപനങ്ങളിലേക്കായി നടന്ന തിരഞ്ഞെടുപ്പിൽ രാത്രി ഒമ്പതര വരെ ലഭ്യമായ കണക്കനുസരിച്ച് 77.38 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
രാവിലെ വോട്ടെടുപ്പ് ആരംഭിച്ച ഏഴു മുതൽ തന്നെ ജില്ലയിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്.
വോട്ടെടുപ്പ് അവസാനിക്കുന്ന വൈകിട്ട് ആറിനും ചില ബൂത്തുകളിൽ വോട്ടർമാരുടെ നിരയുണ്ടായിരുന്നു. വൈകിട്ട് ആറിന് ക്യൂവിൽ നിന്ന എല്ലാവർക്കും ടോക്കൺ കൊടുത്ത് വോട്ടെടുപ്പ് പൂർത്തിയാക്കി. മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെ (പായിംപാടം) സ്ഥാനാർത്ഥി മരണപ്പെട്ടതിനെ തുടർന്ന് ആ വാർഡിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ആ വാർഡ് കൂടാതെ 2788 വാർഡുകളിലേയ്ക്കുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള ജനവിധിയാണ് പൂർത്തിയായത്.
ജില്ലയിൽ ആകെയുള്ള 36,18,851 വോട്ടർമാരിൽ 28,00207 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 12, 65288 പുരുഷൻമാരും 1534891 സ്ത്രീകളും 28 ട്രാൻസ്ജൻഡർ വോട്ടർമാരുമുണ്ട്. നഗരസഭകളിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് മഞ്ചേരിയിലാണ്. 82.93 %ആണ് പോളിങ്. ബ്ലോക്ക് പഞ്ചായത്തിൽ 82.86 % പോളിങുമായി അരീക്കോടാണ് ഒന്നാമത്. ജില്ലയിൽ ആകെയുള്ള 51 ട്രാൻസ്ജൻഡർ വോട്ടർമാരിൽ 28 പേർ വോട്ട് രേഖപ്പെടുത്തി.
വോട്ടെടുപ്പ് ആരംഭിച്ച ആദ്യമണിക്കൂറിൽ 8.87% പോളിങ് രേഖപ്പെടുത്തി. രാവിലെ ഒമ്പതോടെ 18.5% , 10ന് 28.43%, 11ന് 38.1%, ഉച്ചയ്ക്ക് 12ന് 47.37% രേഖപ്പെടുത്തിയ പോളിങ് ഉച്ചയ്ക്ക് ശേഷം ദ്രുതഗതിയിലായി. രണ്ടിന് 62.41ശതമാനവും മൂന്നിന് 68.29ശതമാനവും നാലിന് 73.22 ശതമാനവും അഞ്ചിന് 76.41ശതമാനവും ആറിന് 77.25ശതമാനവും പോളിങ് രേഖപ്പെടുത്തി.
15,260 ബാലറ്റ് യൂണിറ്റുകളും 5600 കൺട്രോൾ യൂണിറ്റുമാണ് ജില്ലയിൽ വോട്ടെടുപ്പിനായി ഉപയോഗിച്ചത്. ചിലയിടങ്ങളിൽ ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റുകൾ തകരാർ, വൈദ്യുതി തടസം എന്നിവ നേരിട്ടെങ്കിലും ഉടൻ തന്നെ പരിഹരിച്ചു വോട്ടെടുപ്പ് പുനരാരംഭിച്ചു. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി 20,848 പോളിങ് ഉദ്യോഗസ്ഥരെയും 7000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് വിന്യസിച്ചിരുന്നത്.
തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും നിരീക്ഷണത്തിനുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇലക്ഷൻ കൺട്രോൾ റൂമും വെബ്കാസ്റ്റിങ് കൺട്രോൾ റൂമും പ്രവർത്തിച്ചിരുന്നു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലാണ് കൺട്രോൾ റൂം സജ്ജമാക്കിയിരുന്നത്. കൂടാതെ 295 പ്രശ്ന ബാധിത ബൂത്തുകളെ നിരീക്ഷിക്കുന്നതിനായി ആസൂത്രണ സമിതി ഹാളിൽ വെബ്കാസ്റ്റിങ് കൺട്രോൾ റൂമും പ്രവർത്തിച്ചിരുന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് കേന്ദ്രീകരിച്ച് മീഡിയാ സെന്ററും പ്രവർത്തിച്ചു.
പോളിങ് നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ സ്വീകരണ കേന്ദ്രങ്ങളിൽ എത്തിക്കുന്ന ബാലറ്റ് യൂണിറ്റുകൾ ഇവിടെയുള്ള സട്രോങ് റൂമുകളിൽ കനത്ത സുരക്ഷയിൽ സൂക്ഷിക്കും. ഡിസംബർ 13 നാണ് വോട്ടെണ്ണൽ. 27 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് നഗരസഭ, ബ്ലോക്കുകൾ കേന്ദ്രീകരിച്ച് സജ്ജമാക്കിയത്. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുകന്നത് കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിലാണ്.