നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധി ഇന്ന്, ഏഴര വർഷം തടവിൽ കഴിഞ്ഞതിനാൽ ഇളവ് വേണമെന്ന് പ്രതികൾ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷ ഇന്ന് വിധിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. പൾസർ സുനി അടക്കമുള്ള മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെടും.
ആറ് പ്രതികൾക്കുമെതിരെ ബലാത്സംഗക്കുറ്റം തെളിഞ്ഞിട്ടുണ്ട്. എല്ലാവരും ഒരുപോലെ കുറ്റക്കാരാണ്. സമൂഹത്തിന് മുഴുവൻ ഭീഷണിയാകുന്നതാണ് പ്രതികളുടെ പശ്ചാത്തലം. മുമ്പും പ്രതികൾ സമാനമായ കുറ്റകൃത്യത്തിന് ശ്രമം നടത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ ജീവപര്യന്തം ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും.
എന്നാൽ ഏഴര വർഷം തടവുശിക്ഷ അനുഭവിച്ചെന്നും ശിക്ഷയിൽ ഇളവ് വേണമെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്. ദിലീപിനെ വെറുതെവിട്ട വിധി പകർപ്പും ഇന്ന് പുറത്തുവന്നേക്കും. എട്ടാം പ്രതിയായിരുന്ന ദിലീപ് അടക്കം നാല് പേരെയാണ് വെറുതെവിട്ടത്.
ഈ മാസം എട്ടാം തീയതിയാണ് ഒന്നാം പ്രതി പെരുമ്പാവൂർ വേങ്ങൂർ നടുവിലേക്കുടിയിൽ എൻ എസ് സുനിൽകുമാർ (പൾസർ സുനി- 37), രണ്ടു മുതൽ ആറു വരെ പ്രതികളായ തൃശൂർ കൊരട്ടി പുതുശേരി ഹൗസിൽ മാർട്ടിൻ ആന്റണി (33), എറണാകുളം തമ്മനം മണപ്പാട്ടിപ്പറമ്പിൽ ബി മണികണ്ഠൻ(37), തലശേരി കതിരൂർ മംഗലശേരിയിൽ വി പി വിജീഷ് (38), എറണാകുളം ഇടപ്പള്ളി പള്ളിക്കപ്പറമ്പിൽ എച്ച് സലിം (വടിവാൾ സലിം- 30), തിരുവല്ല പഴയനിലത്തിൽ പ്രദീപ് (31) എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഇതിനുപിന്നാലെ ജാമ്യം റദ്ദാക്കി ആറ് പേരെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ഇവരെ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് മുമ്പ് കോടതിയിൽ എത്തിക്കും.