"ഒരു വോട്ട് കളയണ്ടല്ലോ എന്ന് കരുതിയാകും സ്ഥാനാർത്ഥി രാഹുലിനൊപ്പം പോയത്; ഭാരവാഹികൾ ഒപ്പം പോയാൽ നടപടി"
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ അടഞ്ഞ അദ്ധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. രാഹുൽ വന്നതും പോയതും പാർട്ടിയെ ബാധിക്കില്ലെന്നും അദ്ദേഹം ഒരു ചാനലിനോട് പറഞ്ഞു. രാഹുലിന്റെ കൂടെ കോൺഗ്രസ് ഭാരവാഹികൾ പോയാൽ നടപടിയുണ്ടാകുമെന്നും തങ്കപ്പൻ കൂട്ടിച്ചേർത്തു.
'പൗരനെന്ന നിലയിൽ വോട്ട് ചെയ്യാൻ വന്നു. എംഎൽഎയെന്ന നിലയിൽ ആളുകളോട് സംസാരിച്ചുകാണും. എന്നാൽ പാർട്ടിയുമായി യാതൊരു ബന്ധവമില്ല. രാഹുൽ വന്നത് ദൃശ്യമാദ്ധ്യമങ്ങളിലൂടെയാണ് ഞങ്ങൾ അറിഞ്ഞത്. ഞങ്ങളെ ബന്ധപ്പെട്ടിട്ടുമില്ല. സ്ഥാനാർത്ഥി രാഹുലിന്റെ കൂടെ പോയത് ഒരു വോട്ട് കിട്ടുന്നത് കളയണ്ടല്ലോ എന്ന് കരുതിയാകും. സ്ഥാനാർത്ഥി സിപിഎമ്മിന്റെയും ബിജെപിയുടേയുമൊക്കെ വീട്ടിൽ പോയി വോട്ട് ചോദിക്കില്ലേ. അത് കണക്കാക്കണ്ട.
രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവർ രാഹുലിനൊപ്പം പോകില്ല. അദ്ദേഹം കോൺഗ്രസിന്റെ എംഎൽഎയല്ല ഇപ്പോൾ. കോൺഗ്രസിന് പുറത്തുള്ള എംഎൽഎയാണ്.'-തങ്കപ്പൻ പറഞ്ഞു.
ലൈംഗിക പീഡനക്കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോയ രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ വോട്ട് ചെയ്യാൻ എത്തിയിരുന്നു. കഴിഞ്ഞ പതിനഞ്ച് ദിവസമായി രാഹുൽ ഒളിവിലായിരുന്നു. ഹൈക്കോടതിയിൽ നിന്ന് അറസ്റ്റ് വിലക്കിയുള്ള ഇടക്കാല ഉത്തരവും രണ്ടാമത്തെ കേസിൽ മുൻസിഫ് കോടതിയുടെ മുൻകൂർ ജാമ്യവും ലഭിച്ചതിനെത്തുടർന്നാണ് രാഹുൽ എത്തിയത്.
പാലക്കാട് കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലാണ് രാഹുൽ വോട്ട് രേഖപ്പെടുത്തിയത്. തൊട്ടടുത്തുള്ള ചായക്കടയിൽ കയറി ചായകുടിച്ച് മാദ്ധ്യമപ്രവർത്തകരോടും മറ്റും സംസാരിച്ചശേഷമാണ് മടങ്ങിയത്. 'എല്ലാം കോടതിക്ക് മുന്നിലുണ്ട്, കോടതി തീരുമാനിക്കും' എന്നായിരുന്നു പ്രതികരണം. എംഎൽഎ ഓഫീസിലേക്കാണ് രാഹുൽ മടങ്ങിപ്പോയത്. ഇനി മൂന്ന് ദിവസം പാലക്കാട് തുടരുമെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.