യാത്രക്കാർക്ക് റെയിൽവേയുടെ ക്രിസ്‌മസ് സമ്മാനം; ഇനി ട്രെയിൻ ടിക്കറ്റ് കിട്ടില്ലെന്ന ഭയം വേണ്ട, പുതിയ സർവീസുകൾ അനുവദിച്ചു

Friday 12 December 2025 10:08 AM IST

ന്യൂഡൽഹി: ക്രിസ്‌മസ് - പുതുവത്സര സീസണിനോടനുബന്ധിച്ച് 38 സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. കേരളത്തിലേക്ക് അ‌ഞ്ച് പുതിയ ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. പുതിയ സർവീസുകൾ അനുവദിച്ചതിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനോട് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ നന്ദി അറിയിച്ചു.

നിസാമുദ്ദീൻ - തിരുവനന്തപുരം, ബംഗളൂരു - തിരുവനന്തപുരം, ഹുബ്ലി - തിരുവനന്തപുരം, കൊല്ലം - ബംഗളൂരു, എറണാകുളം - വഡോദര എന്നിവയാണ് കേരളത്തിലേക്കുള്ള സർവീസുകൾ. നിസാമുദ്ദീന്‍ - തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലേക്കും തിരിച്ചും അഞ്ച് സര്‍വീസുകള്‍ വീതം ഉണ്ടാകും. വഡോദരയില്‍ നിന്ന് എറണാകുളം സൗത്തിലേക്കും തിരിച്ചും എട്ട് സര്‍വീസുകള്‍ വീതമാണുള്ളത്. ഹുബ്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കും, ബംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്കും കൊല്ലത്ത് നിന്ന് ഹുബ്ലിയിലേക്കും ഓരോ സര്‍വീസുകളാണ് അനുവദിച്ചിരിക്കുന്നത്.