'പൊലീസ് കളവ് പറയുന്നു, സിസിടിവി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയയല്ല'; ഗുരുതര ആരോപണങ്ങളുമായി ബന്ധു
കാലടി: മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്ന ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിനെതിരെ ബന്ധു ശരത് ലാൽ. ചിത്രപ്രിയ പ്രതി അലനൊപ്പം ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളെന്നതരത്തിൽ പ്രചരിക്കുന്നവയിൽ യുവതി അല്ലെന്നാണ് ശരത് ആരോപിക്കുന്നത്. പൊലീസ് പറയുന്ന പലകാര്യങ്ങളും കളവുകളാണ്. മലയാറ്റൂര്‍ പള്ളി പരിസരത്തുനിന്ന് ശേഖരിച്ചതെന്ന് പറയുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നത്. എന്നാല്‍ ദൃശ്യത്തിലുള്ളത് മറ്റാരോ ആണെന്നാണ് ശരത് ലാൽ പറയുന്നത്. ചിത്രപ്രിയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബന്ധു പറഞ്ഞു.
അതേസമയം, യുവതിയുടെ കൊലപാതകത്തിൽ അറസ്റ്റിലായ അലനിൽ അന്വേഷണം ഒതുക്കിതീർക്കില്ലെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്ന് റൂറല്‍ എസ്‌പി എം ഹേമലത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ അലന്‍ മാത്രമാണ് പ്രതി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചിരുന്നു.
ചിത്രപ്രിയയുടെയും അലന്റെയും മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. രണ്ട് ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. അലന്റെ പൂര്‍വകാല ജീവിത സാഹചര്യങ്ങളെക്കുറിച്ചും സൗഹൃദങ്ങളെ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മദ്യലഹരിയിലാണ് കൃത്യം നിര്‍വഹിച്ചതെന്ന് പ്രതി ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നത്. മദ്യം മാത്രമാണോ മറ്റ് മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.
സംശയത്തെ തുടർന്ന് അലൻ മദ്യലഹരിയിൽ കല്ലുകൊണ്ട് യുവതിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മുതലാണ് ചിത്രപ്രിയയെ കാണാതായത്. ഇതിനിടയിൽ അലനൊപ്പം ചിത്രപ്രിയ ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഞായറാഴ്‌ച പുലർച്ചെ 1.53നുള്ള ദൃശ്യങ്ങളാണ് ഇവ. അലന്റെ പിന്നിലിരുന്നാണ് യുവതി സഞ്ചരിച്ചത്. ഇവർക്കൊപ്പം മറ്റൊരു ബൈക്കിൽ രണ്ടുപേരും ഉണ്ടായിരുന്നു.
ചിത്രപ്രിയയെ കാണാതായെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അലനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പെൺകുട്ടിയെ പ്രദേശത്ത് ബൈക്കിൽ കൊണ്ടുവിട്ടതാണെന്നാണ് തുടക്കത്തിൽ ഇയാൾ പറഞ്ഞത്. തുടർന്ന് പൊലീസ് വിട്ടയയ്ക്കുകയും ചെയ്തു. പിന്നീട് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിപ്പിക്കുകയായിരുന്നു. എന്നാൽ ചോദ്യങ്ങൾക്ക് വ്യക്തമായി ഉത്തരം നൽകിയില്ല. കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കൊലനടത്തിയതായി കുറ്റസമ്മതം നടത്തിയത്.