'മൂന്ന്‌ സെഞ്ച്വറിയുള്ള സഞ്ജുവിനെ ഇങ്ങനെ ബെഞ്ചിലിരുത്താൻ എന്ത് തെറ്റ് ചെയ്‌തു?', ഗില്ലിനെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ

Friday 12 December 2025 11:32 AM IST

മുംബയ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ടെങ്കിലും പ്ളെയിംഗ് ഇലവനിൽ മലയാളി താരം സഞ്ജു സാംസൺ ഇതുവരെ ഇടംപിടിച്ചില്ല. ലഭിച്ച അവസരത്തിൽ അഭിഷേക് ശർമ്മ-സഞ്ജു സാംസൺ ഓപ്പണിംഗ് സഖ്യം മികച്ചതാണെന്ന് തെളിഞ്ഞെങ്കിലും ബിസിസിഐ മതിയായ അവസരം സഞ്ജുവിന് നൽകിയില്ല. ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ശുബ്‌മാൻ ഗില്ലിന് പകരം അവസരം നൽകുകയും ചെയ്‌തു. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഗിൽ നേടിയതാകട്ടെ വെറും നാല് റൺസാണ്. ആദ്യ മത്സരത്തിൽ രണ്ടാം പന്തിൽ പുറത്തായ ഗിൽ ഇന്നലെ മുള്ളൻപൂരിലെ ട്വന്റി 20യിൽ ലുംഗി എങ്കിഡിയെ നേരിട്ട ആദ്യ പന്തിൽ പുറത്തായി.

ഇതോടെ ഗില്ലിനെതിരെ മുൻതാരങ്ങളും ആരാധകരും വലിയ വിമർശനമാണ് ഉന്നയിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ അടുത്തിടെ മികച്ച ഫോമിലെന്ന് തെളിഞ്ഞ സഞ്ജുവിനെ എന്തുകൊണ്ട് ഗില്ലിന് പകരം കളിപ്പിക്കുന്നില്ല എന്നാണ് ചോദ്യം. ഇക്കാര്യത്തിൽ ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ റോബിൻ ഉത്തപ്പ. സഞ്ജു എന്ത് തെറ്റാണ് ഇത്തരമൊരു അവസ്ഥയുണ്ടാകാൻ ചെയ്‌തത്? മികച്ച ഓപ്പണിംഗ് സഖ്യമെന്ന് പ്രശംസ ലഭിച്ച സഞ്ജു-അഭിഷേക് സഖ്യത്തെ എന്തിന് മാറ്റി എന്നും അദ്ദേഹം ചോദിക്കുന്നു.

'അഭിഷേക് ശർമ്മയും സഞ്ജുവും ചേർന്നുള്ള കൂട്ടുകെട്ട് മാറ്റാൻ അവർ എന്ത് കുറ്റമാണ് ചെയ്‌തത്? സഞ്ജുവിന് അവസരം ലഭിക്കുന്നതിന് മുൻപ് ഗിൽ ടീമിലുണ്ടായിരുന്നു എന്ന് സൂര്യ പറഞ്ഞതായി എനിക്ക് മനസിലാക്കാനായി. പക്ഷെ സഞ്ജുവിന് അവസരം ലഭിച്ചപ്പോൾ മൂന്ന് സെഞ്ച്വറികൾ നേടി. ട്വന്റി 20യിൽ ഇത്ര സെഞ്ച്വറി നേടിയ യുവതാരം സഞ്ജുവായിരുന്നു. അതിനുശേഷമാണ് അഭിഷേക് അത് നേടിയത്. പിന്നെയാണ് തിലക് വർമ്മ നേടിയത്. ട്വന്റി20യിൽ ഇന്ത്യയുടെ ഓപ്പണർ ആരെന്ന് കണ്ടെത്തുന്ന സമയത്ത് നിരവധിയാളുകൾക്ക് വെല്ലുവിളിയും പ്രചോദനവുമാകാൻ അദ്ദേഹത്തിനായി.' ഉത്തപ്പ പറഞ്ഞു.

'അഭിഷേക് ശർ‌മ്മ കഴിഞ്ഞാൽ മികച്ച ശരാശരിയുള്ള ഒരു ഓപ്പണർ അയാളെ നിങ്ങൾ ഓപ്പണർ സ്ഥാനത്ത്നിന്നും മാറ്റി മദ്ധ്യനിരയിൽ കളിക്കാൻ ഏൽപ്പിച്ചു. പിന്നീട് മെല്ലെ ടീമിൽ നിന്ന് പുറത്താക്കി. ഇങ്ങനെ ചെയ്യാൻ അയാളെന്ത് തെറ്റുചെയ്‌‌തു? ഇതാണെന്റെ ചോദ്യം. ടീമിൽ അയാൾ ഒരവസരം അർഹിക്കുന്നു.' ഉത്തപ്പ വ്യക്തമാക്കി.

ഗില്ലിന്റെ നിലവിലെ ട്വന്റി20 ബാറ്റിംഗ് ശൈലിയെയും റോബിൻ ഉത്തപ്പ വിമർശിച്ചു. 'ഗിൽ വ്യത്യസ്‌തമായി ബാറ്റ് ചെയ്യാൻ ശ്രമിക്കുന്നു. അഭിഷേക് ചെയ്യുംപോലെ ആദ്യമേ ആക്രമിച്ച് കളിക്കാൻ അദ്ദേഹം ശ്രമിക്കുകയാണ്. ട്വന്റി20യിലെ അയാളുടെ സ്വാഭാവിക ശൈലി അങ്ങനെയല്ല. ആദ്യത്തെ 10 ബോളുകൾ നേരിട്ട് സമ്മർദ്ദത്തെ അതിജീവിച്ച് കളിക്കും. 15-20 പന്തുകളായാൽ പിന്നെ അയാളെപ്പോലെ മികച്ച ഒരു ബാറ്ററില്ല. അങ്ങനെ അയാൾ ട്വന്റി20 കളിക്കുന്നതാണ് നല്ലത്.'

വ്യത്യസ്‌തമായ ശൈലി പരീക്ഷിക്കുന്നതിന്റെ സമ്മർദ്ദം വൈസ് ക്യാപ്റ്റനാണെങ്കിലും ഗിൽ അനുഭവിക്കുന്നുണ്ടാകുമെന്നും അയാളുടെ പ്രകടനത്തെക്കുറിച്ചും‌ വലിയ തെറ്റൊന്നും ചെയ്യാതിരുന്നിട്ടും സഞ്ജു പുറത്തായതിനെക്കുറിച്ചും കഥകൾ പ്രചരിക്കുന്നതായും ഉത്തപ്പ പറഞ്ഞു. 17 ട്വന്റി20കളിൽ ഗില്ലിന് ഒരു അർദ്ധസെഞ്ച്വറി പോലുമില്ല. ആകെ 263 റൺസാണ് നേടിയത്. അതേസമയം സഞ്ജു 2024ൽ നേടിയത് 436 റൺസാണ്. സ്‌ട്രൈക്ക് റേറ്റാകട്ടെ 180ഉം. ഇത്ര മികച്ച റെക്കാ‌ഡ് ഉണ്ടായിട്ടും സഞ്ജു ഇപ്പോൾ ടീമിലില്ല.