'ദിലീപ് കുറ്റക്കാരനെന്ന് 100 ശതമാനം ഉറപ്പ്; നാളെ മുതൽ ഞാൻ അതിജീവിതയുടെ വക്കീലല്ല, എല്ലാം തുറന്നുപറയും'

Friday 12 December 2025 11:34 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി വിധി വരാൻ മിനിട്ടുകൾ മാത്രം ശേഷിക്കേ മാദ്ധ്യമങ്ങളോട് പ്രതികരിച്ച് അതിജീവിതയുടെ അഭിഭാഷക അഡ്വക്കേറ്റി ടി ബി മിനി. ദിലീപ് കുറ്റക്കാരനാണെന്ന് 100 ശതമാനം ഉറപ്പാണ്. ഇന്നത്തെ ദിവസം കഴിഞ്ഞാൽ എല്ലാം താൻ തുറന്നുപറയുമെന്നും ടി ബി മിനി പറഞ്ഞു.

'എനിക്കെതിരെ വ്യാപകമായ സൈബ‌ർ ആക്രമണം നടക്കുന്നുണ്ട്. പ്രത്യേകിച്ച് ചില യൂട്യൂബ് ചാനലുകൾ. നിരന്തരമായി പച്ചക്കള്ളങ്ങളാണ് ഇവർ പറയുന്നത്. ഇത്രയും കൊല്ലം ഒറ്റയ്‌ക്ക് നിന്നാണ് ഞാൻ പൊരുതിയത്. നഴ്‌സുമാരുടെ സമരം നടന്ന സമയത്ത് രാപ്പകലില്ലാതെ അവർക്കൊപ്പം നിന്നയാളാണ് ഞാൻ. ഇന്ന് അവർക്ക് ലഭിച്ച അവകാശങ്ങൾക്കെല്ലാം പിന്നിൽ എനിക്ക് പങ്കുണ്ട്. എന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാളെ ഞാൻ ഉണ്ടാവുമോ എന്ന് നിങ്ങൾ നോക്കിനിന്നോളൂ.

മെമ്മറി കാർഡുമായി ബന്ധപ്പെട്ട് കോടതി എന്തുപറയും എന്നാണ് എനിക്ക് അറിയേണ്ടത്. ഹാഷ്‌വാല്യുവുമായി ബന്ധപ്പെട്ട് കോടതിയുടെ നിലപാട് അറിയണം. മതിയായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ പറ്റിയില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഇന്ന് അതിജീവിതയുടെ വക്കാലത്ത് അവസാനിക്കുകയാണ്. നാളെ മുതൽ ഞാൻ അഡ്വക്കേറ്റ് ടി ബി മിനിയാണ്. അതുകൊണ്ട് എനിക്കെല്ലാം തുറന്നുപറയാം. ഇന്നത്തെ ദിവസം വരെ എനിക്ക് പറയാൻ നിയമതടസങ്ങളുണ്ട്. അതിജീവിതയ്‌ക്ക് അപ്പീൽ പോകാം. പക്ഷേ, സിനിമാ മേഖലയിലെ വമ്പന്മാരെല്ലാം ദിലീപിന്റെ പക്ഷം ചേരുമ്പോൾ ആരുണ്ടാകും ഈ കേസിന് പിന്നാലെ പോകാൻ. കഴിഞ്ഞ രണ്ട് വർഷക്കാലം ഞാൻ ഒറ്റയ്‌ക്കായിരുന്നു.

ഇനി അതിജീവിതയുടെ മാത്രമല്ല എന്റെയും അതിജീവിതയുടെ ഒപ്പം നിൽക്കുന്ന എല്ലാവരുടെയും സുരക്ഷ പ്രശ്‌നത്തിലാകും. ചുറ്റും എത്ര ക്രിമിനൽ സംഘങ്ങളാണെന്ന് അറിയുമോ? ദിലീപ് കുറ്റക്കാരനാണെന്ന് 100 ശതമാനം എനിക്ക് ഉറപ്പുണ്ട്. അതിന് തെളിവുകളുണ്ട്. അത് കോടതി അംഗീകരിച്ചോ എന്നുള്ളത് രണ്ടാമത്തെ കാര്യമാണ്. അതിജീവിതയുടെ വക്കീൽ വേണ്ടത്ര തെളിവ് ഹാജരാക്കിയില്ല എന്നാണ് പലരും പറയുന്നത്. എന്നാൽ, അതിജീവിതയുടെ വക്കീലിന് ട്രയൽ കോടതിയിൽ ഒന്നും പറയാൻ നിയമം അനുവദിക്കുന്നില്ല. അപ്പീൽ കൊടുക്കാനുള്ള അവകാശം പോലും ഇപ്പോഴാണ് വന്നത്' - ടി ബി മിനി പറഞ്ഞു.