ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി, ഹർജി നൽകി ഉണ്ണികൃഷ്ണൻ പോറ്റി
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. കട്ടിളപ്പാളി കേസിലാണ് പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം നിഷേധിച്ചത്. ദ്വാരപാലക കേസിലും പത്മകുമാർ പ്രതിയാണ്. ഈ കേസിൽ നിലവിൽ റിമാൻഡിൽ കഴിയുകയാണ് പത്മകുമാർ. നേരത്തെ കേസിലെ മറ്റ് പ്രതികളായ മുരാരി ബാബു, എൻ വാസു എന്നിവർ സമർപ്പിച്ച ജാമ്യഹർജിയും കോടതി തള്ളിയിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികൾ കൈമാറിയതിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ട ഉത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യഹർജിയിൽ പത്മകുമാർ വാദിച്ചത്. മിനിട്ട്‌സിൽ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിർപ്പും ഹർജിയിൽ പത്മകുമാർ വ്യക്തമാക്കിയിരുന്നു. നവംബർ 20നാണ് കട്ടിളപ്പാളി കേസിൽ പത്മകുമാർ അറസ്റ്റിലായത്.
അതിനിടെ, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഡിസംബർ 18ാം തീയതി ഹർജി കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസിലെ അഞ്ചാം പ്രതിയും ദ്വാരപാലക ശില്പത്തിലെ സ്വർണം കവർന്ന കേസിലെ മൂന്നാം പ്രതിയുമായ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി സുധീഷ് കുമാറിന്റെ ജാമ്യഹർജി വിധി പറയാൻ 15ലേക്കു മാറ്റിയിരിക്കുകയാണ്. മുൻ കമ്മിഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസുവിന്റെ ജാമ്യഹർജി വിജിലൻസ് കോടതി തള്ളിയതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി 15നു പരിഗണിക്കും.