'പറയാനുള്ളത് കോടതിയിൽ ബോദ്ധ്യപ്പെടുത്തും, കുറഞ്ഞ ശിക്ഷയ്‌ക്കു വേണ്ടി ശ്രമിക്കും'; പൾസർ സുനിയുടെ അഭിഭാഷകൻ

Friday 12 December 2025 12:21 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ശിക്ഷ കുറച്ച് കിട്ടാൻ പരമാവധി ശ്രമിക്കുമെന്ന് ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ പ്രതീഷ് കുറുപ്പ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികളുടെ ശിക്ഷാ വിധി ഇന്ന് പ്രസ്‌താവിക്കാനിരിക്കെയാണ് അഭിഭാഷകന്റെ പ്രതികരണം. പ്രതികൾക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് അറിയാനാണ് ഇന്ന് കോടതിയിൽ ഹാജരാക്കുന്നതെന്നും ശിക്ഷ ഇളവ് കിട്ടാനുള്ള മാർഗങ്ങളുണ്ടോയെന്ന് നോക്കുന്നുണ്ടെന്നും പ്രതീഷ് കുറുപ്പ് പറഞ്ഞു. പ്രതിഭാഗം അഭിഭാഷകൻ എന്ന നിലയിൽ പരമാവധി കുറ‌ഞ്ഞ ശിക്ഷ ലഭിക്കുന്നതിനായാണ് താൻ പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രതികൾക്ക് പരാമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദമെന്നുള്ള മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതികൾക്ക് പറയാനുള്ള കാര്യങ്ങൾ കോടതി രേഖപ്പെടുത്തുമെന്നും വിധി ഇന്നുതന്നെ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. എറണാകുളം സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പറയുന്നത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷമായിരിക്കും വിധി. പ്രതികളെ വിയ്യൂർ ജയിലിൽ നിന്ന് രാവിലെ തന്നെ കോടതിയിലേക്ക് കൊണ്ടുവന്നിരുന്നു. കോടതിയിൽ വാദം പുരോഗമിക്കുകയാണ്. എൻ എസ് സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നീ ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജീവപര്യന്തം തടവിനോ 20 വർഷം കഠിന തടവിനോ വിധിക്കാവുന്ന കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുള്ളത്.