വാദത്തിനിടെ പൊട്ടിക്കരഞ്ഞ് പ്രതികൾ; അമ്മയ്‌ക്ക് മറ്റാരുമില്ലെന്ന് പൾസർ സുനി, നിരപരാധിയെന്ന് മാർട്ടിൻ

Friday 12 December 2025 2:31 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വാദത്തിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾ. രണ്ടാം പ്രതി മാർട്ടിനും ആറാം പ്രതി പ്രദീപും കോടതിയിൽ പൊട്ടിക്കരഞ്ഞു. കുടുംബത്തിന് മറ്റാരും ഇല്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടിയത്. നിരപരാധികളാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. തന്നെ കണ്ണൂർ ജയിലിലേക്ക് അയക്കണമെന്നാണ് നാലാം പ്രതി വിജീഷ് പറഞ്ഞത്.

തന്റെ വീട്ടിൽ പ്രായമായ അമ്മ മാത്രമേയുള്ളു. അതിനാൽ ശിക്ഷയിൽ ഇളവ് ലഭിക്കണമെന്നാണ് പൾസർ സുനി കോടതിയോട് ആവശ്യപ്പെട്ടത്. പ്രതികളിൽ പൾസർ സുനി മാത്രമാണ് രണ്ട് വരിയിൽ കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിച്ചത്. രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ കരഞ്ഞു. താനൊരു തെറ്റും ചെയ്‌തിട്ടില്ല നിരപരാധിയാണെന്നാണ് മാർട്ടിൻ ആവർത്തിച്ചത്. ചെയ്യാത്ത തെറ്റിന് അഞ്ചര വർഷം ജയിലിൽ കഴിഞ്ഞു. തന്റെ പേരിൽ ഒരു പെറ്റി കേസുപോലുമില്ല വാർദ്ധക്യ സഹചമായ അസുഖങ്ങളുള്ള അച്ഛനും അമ്മയുമുണ്ട് താൻ ജോലിക്ക് പോയിട്ട് വേണം കുടുംബം നോക്കാനെന്നും മാർട്ടിൻ പറഞ്ഞു.

മാർട്ടിൻ പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് മൂന്നാം പ്രതി മണികണ്‌ഠനും പറഞ്ഞത്. തനിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും ഇയാൾ പറഞ്ഞു. ഭാര്യയും ഒമ്പത് വയസുള്ള മകളും ഒരു വയസുള്ള മകനുമുണ്ടെന്നും കുടുംബത്തെ നോക്കാൻ മറ്റാരുമില്ലെന്നും മണികണ്‌ഠൻ പറഞ്ഞു.

തനിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്നും നാട് തലശേരിയായതിനാൽ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നുമാണ് നാലാം പ്രതി വിജീഷ് കോടതിയിൽ പറഞ്ഞത്. ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നാണ് അഞ്ചാം പ്രതി സലീം പറയുന്നത്. തനിക്ക് ഭാര്യയും മകളുമുണ്ട് അവർക്ക് മറ്റാരുമില്ലെന്നും സലീം പറഞ്ഞു. ആറാം പ്രതി പ്രദീപും ഇത്തരത്തിൽ കുടുംബത്തെക്കുറിച്ചാണ് പറഞ്ഞത്. പ്രദീപും കോടതിയിൽ കരഞ്ഞു.