'തീ അണഞ്ഞിട്ടില്ല, ലക്ഷ്യം 2028 എൽഎ ഒളിമ്പിക്‌സ്'; തിരിച്ചുവരവ് പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സ് ഫെെനലിലെ അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ ഗുസ്തി താരം വിനേഷ് ഫോഗട്ട് റസ്ളിംഗ് റിംഗിലേയ്ക്ക് തിരിച്ചെത്തുന്നു. 2028ൽ ലോസ് ഏഞ്ചലസിൽ നടക്കുന്ന ഒളിമ്പിക്‌സിലൂടെയാണ് താരം തിരിച്ചുവരവിനൊരുങ്ങുന്നത്. സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ വിനേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
'പാരീസ് ആണോ അവസാനമെന്ന് ആളുകൾ ചോദിച്ചുകൊണ്ടിരുന്നു. വളരെക്കാലം എനിക്ക് അതിനുള്ള ഉത്തരം ഉണ്ടായിരുന്നില്ല. മാറ്റിൽ നിന്ന്, സമ്മർദ്ദങ്ങളിൽ നിന്ന്, പ്രതീക്ഷകളിൽ നിന്ന്, എന്റെ സ്വന്തം അഭിലാഷങ്ങളിൽ നിന്നുപോലും എനിക്ക് മാറി നിൽക്കേണ്ടി വന്നു. വർഷങ്ങൾക്കുശേഷം ആദ്യമായി ഞാൻ എന്നെത്തന്നെ ശ്വസിക്കാൻ അനുവദിച്ചു. എന്റെ യാത്രയുടെ ഭാരം, ഉയർച്ചകൾ, ഹൃദയഭേദകമായ നിമിഷങ്ങൾ, ത്യാഗങ്ങൾ, ലോകം ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ പതിപ്പുകൾ എന്നിവ മനസിലാക്കാൻ സമയമെടുത്തു. ആ പ്രതിഫലനത്തിൽ എവിടെയോ ഞാൻ സത്യം കണ്ടെത്തി. എനിക്ക് ഇപ്പോഴും ഈ കായിക വിനോദത്തെ ഇഷ്ടമാണെന്നും എനിക്ക് ഇപ്പോഴും മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും ഞാൻ മനസിലാക്കി.
ആ നിശബ്ദതയിൽ ഞാൻതന്നെ മറന്നുപോയ എന്തോ ഒന്ന് ഞാൻ കണ്ടെത്തി 'തീ അണഞ്ഞിട്ടില്ല' എന്നത്. അത് ബഹളങ്ങളിൽ മറഞ്ഞിരിക്കുകയായിരുന്നു. അച്ചടക്കം, ശീലം, പോരാട്ടം ഇതെല്ലാം എന്റെ സിസ്റ്റത്തിൽ പതിഞ്ഞവയാണ്. ഞാൻ എത്ര ദൂരം നടന്നാലും എന്റെ ഒരു ഭാഗം മാറ്റിൽ തന്നെയുണ്ടായിരുന്നു. അങ്ങനെ ഇതാ ഞാൻ ഭയമില്ലാത്ത ഹൃദയത്തോടെയും തലകുനിക്കാൻ വിസമ്മതിക്കുന്ന മനസോടെയും എൽഎ28 ലേക്ക് തിരികെ ചുവടുവയ്ക്കുന്നു. ഇത്തവണ ഞാൻ ഒറ്റയ്ക്കല്ല. എന്റെ ഏറ്റവും വലിയ പ്രചോദനവും എൽഎ ഒളിമ്പിക്സിലേക്കുള്ള ഈ യാത്രയിലെ എന്റെ കൊച്ചു ചിയർ ലീഡറുമായി എന്റെ മകൻ എന്റെ ടീമിൽ ചേരുകയാണ്'- എന്നാണ് വിനേഷ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
ശരീര ഭാരം നൂറ് ഗ്രാം കൂടിയതിനാൽ വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈൽ ഫൈനലിൽ വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. പിന്നാലെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ചരിത്ര ഫൈനലിൽ ഉറപ്പായിരുന്ന മെഡൽ വിനേഷിന് നഷ്ടമായത് കായികപ്രേമികളുടെ നെഞ്ചിൽ താങ്ങാനാകാത്ത ഭാരമായി മാറിയിരുന്നു. ഫൈനലിൽ അമേരിക്കൻ താരം സാറ ആനിനോട് തോറ്റാൽപ്പോലും വെള്ളിമെഡൽ കിട്ടുമായിരുന്ന വിനേഷിന് വെറുംകൈയോടെയാണ് മടങ്ങേണ്ടിവന്നത്. ഒളിമ്പിക് ഗുസ്തി ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്രം കുറിച്ച വിനേഷ് ചരിത്ര മെഡൽ നേട്ടത്തിന്റെ വക്കിലാണ് പുറത്തായത്.