വെട്ടിയ തടി മാറ്റിയില്ല, അപകടക്കെണിയായി മഞ്ചനാട് പാലം
കോലഞ്ചേരി: കരാറുകാരന്റെ അനാസ്ഥ മൂലം മഞ്ചനാട് പാലം അപകടക്കെണിയിൽ. പാലത്തിന് സമീപം നിന്ന ആൽമരം കഴിഞ്ഞ 29ന് വെട്ടിയിരുന്നു. എന്നാൽ തടി അവിടെ നിന്നും മാറ്റാതെ പാലത്തിന്റെ ഒരുവശം ചേർത്ത് ഇട്ടിരിക്കുകയാണ്. സുരക്ഷാ മുൻകരുതലുകൾ ഒന്നുമില്ലാതെ തടിയിൽ തട്ടി വാഹന അപകടങ്ങളുണ്ടാകുന്നിപ്പോൾ പതിവായിട്ടുണ്ട്. താരതമ്യേന വീതി കുറഞ്ഞ പാലത്തിൽ ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഗതാഗതത്തിന് തടസമായി ഇട്ടിരിക്കുന്ന ഈ തടിയിൽ തട്ടി കഴിഞ്ഞ ഞായറാഴ്ച രാത്രി തട്ടാംമുഗൾ എടപ്പാറ ഇ.പി.ജോസും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനം പാലത്തിന്റെ കൈവരികളും തകർത്ത് തലകീഴായി മറിഞ്ഞിരുന്നു. അദ്ഭുതകരമായാണ് നിസാര പരിക്കുകളോടെ ദമ്പതികൾ രക്ഷപ്പെട്ടത്.
സുരക്ഷാ സംവിധാനങ്ങളുമില്ല
കിഴക്കമ്പലം നെല്ലാട് റോഡ് നവീകരണത്തിന്റെ ഭാഗമായി അടുത്തിടെ ഉന്നത നിലവാരത്തിൽ പണി പൂർത്തിയാക്കിയ റോഡാണിത്. വളരെ വേഗത്തിലാണ് ഇതുവഴി വാഹനങ്ങൾ കടന്നു പോകുന്നത്. അതിനാൽ ഇരുട്ടിൽ സുരക്ഷാ സംവിധാനങ്ങളൊന്നും ഒരുക്കാതെ കൂട്ടിയിട്ടിരിക്കുന്ന തടി വളരെ അടുത്തെത്തുമ്പോൾ മാത്രമാണ് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതുമൂലം പല വാഹനങ്ങൾക്കും തടിയിലുരസി കേടുപാടുകൾ സംഭവിക്കുന്നുണ്ട്.
രണ്ടു വലിയ വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാൻ മാത്രം സ്ഥലമുള്ള ഇവിടെ തടികൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.