കുതിച്ചുയർന്ന് സ്വർണവില; ഇന്ന് രണ്ടുതവണ വർദ്ധിച്ചു, ഒറ്റദിവസംകൊണ്ട് 1800 രൂപ കൂടി

Friday 12 December 2025 3:37 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻവർദ്ധനവ്. രണ്ട് തവണയായി പവന് 1,800 രൂപയും ഗ്രാമിന് 225 രൂപയുമാണ് ഉയർന്നത്. ഇന്ന് ഉച്ചയോടെ പവന് 97,680 രൂപയും ഗ്രാമിന് 12,210 രൂപയുമായി. രാവിലെ പവന് 1,400 രൂപ കൂടി 97,280 രൂപയും ഗ്രാമിന് 175 രൂപ കൂടി 12,160 രൂപയുമായിരുന്നു. ഇതിനിടയിലാണ് സ്വർണവിലയിൽ വൻകുതിപ്പുണ്ടായത്. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ ഒമ്പതിനായിരുന്നു. അന്ന് പവന് 94,920 രൂപയും ഗ്രാമിന് 11,865 രൂപയുമായിരുന്നു.

2020ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് എത്തിയതോടെയാണ് കഴിഞ്ഞ മാസങ്ങളിൽ നിക്ഷേപ ആവശ്യം കുതിച്ചുയർന്നത്. എങ്കിലും സ്വര്‍ണവിപണിയെ അവഗണിച്ച ഒരു പ്രധാന വിഭാഗം ഇപ്പോഴും ഉണ്ടെന്നും പുതുവര്‍ഷത്തോടെ അതില്‍ മാറ്റമുണ്ടായേക്കാമെന്നുമാണ് ബാങ്ക് ഒഫ് അമേരിക്കയിലെ മെറ്റല്‍ റിസര്‍ച്ച് മേധാവി മൈക്കിള്‍ വിഡ്മര്‍ പറയുന്നത്. പരമ്പരാഗത 60/40 പോര്‍ട്ട്ഫോളിയോ വിഹിതത്തിന്റെ വിശ്വാസ്യതയെ പല നിക്ഷേപകരും ചോദ്യം ചെയ്യുന്നത് തുടരുന്നതിനാല്‍ സ്വര്‍ണത്തോടുള്ള താല്‍പര്യം വർദ്ധിച്ച് വരികയാണ്. ഒരു പോര്‍ട്ട്ഫോളിയോയുടെ 20 ശതമാനം സ്വര്‍ണത്തില്‍ കൈവശം വയ്ക്കുന്നത് ഫലപ്രദമായ ഒരു തന്ത്രമാണെന്നാണ് മൈക്കൾ വിഡ്മർ പറയുന്നത്.

അതേസമയം,​ സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് വൻകുതിപ്പാണുണ്ടായത്. ഗ്രാമിന് 215 രൂപയും കിലോഗ്രാമിന് 2,​15,​000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 209 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.