മന്ത്രി ഗണേശ് കുമാറിന്റെ ബുദ്ധിയിലുദിച്ച ആശയം: കെഎസ്ആർടിസിക്ക് മറ്റൊരു നേട്ടം കൂടി, വരുമാനവും കുതിച്ചുയരും
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെയും കുടുംബാഗങ്ങളെയും ഉൾപ്പെടുത്തി പ്രൊഫഷണൽ ഗാനമേള ട്രൂപ്പിന്റെ മാതൃകയിൽ രൂപീകരിച്ച ഗാനവണ്ടിയുടെ അരങ്ങേറ്റം കഴിഞ്ഞു. ഇന്നലെ നെയ്യാറ്റിൻകര പൊഴിയൂരിന് സമീപം ഉച്ചക്കട നെല്ലിക്കോണം ദുർഗ്ഗാ- ധർമ്മശാസ്താ ക്ഷേത്രത്തിലായിരുന്നു ആദ്യ പരിപാടിയിൽ സംഗീതാസ്വാദകരുടെ പ്രശംസ ഗാനവണ്ടി നേടി.
ഓഡീഷൻ നടത്തിയാണ് 18 അംഗങ്ങളെ പാട്ട് സംഘത്തിലേയ്ക്ക് തിരഞ്ഞെടുത്തത്. ജോലിയുടെ വിരസത മാറാനും, കെഎസ്ആർടി സിയ്ക്ക് അധിക വരുമാനം കൂടി ഉദ്ദേശിച്ചാണ് പുതിയ സംരംഭം. വിവിധ ഡിപ്പോകളിലെ ഡ്രൈവർമാരും, കണ്ടക്ടർമാരും, മെക്കാനിക്കുകളും കുടുംബാംഗങ്ങളും ഉൾപ്പെട്ടതാണ് ട്രൂപ്പ്.
രണ്ട് മണിക്കൂറാണ് ഗാനമേള.മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ആശയത്തിലാണ് ഗാനമേള ട്രൂപ്പായി വളർന്നത്. ഇതുവരെ ആറ് പ്രോഗ്രാമുകളാണ് ഗാനവണ്ടിയ്ക്ക് ബുക്കിംഗ് ലഭിച്ചിട്ടുള്ളത്.
അടുത്തിടെ കെഎസ്ആർടിസിക്ക് സ്വന്തമായി ക്രിക്കറ്റ് ടീം രൂപീകരിച്ചിരുന്നു. സംസ്ഥാന, ദേശീയ ടീമുകളെ തെരഞ്ഞെടുക്കുന്ന രീതിയിൽതികച്ചും പ്രൊഫഷണലായാണ് ടീമിനെ തെരഞ്ഞെടുത്തതെന്നാണ് അന്ന് മന്ത്രി പറഞ്ഞത്. ദേശീയതലത്തിൽവരെ കളിക്കാൻ കഴിവുള്ള നിലവാരമുള്ള ടീമിനെ വാർത്തെടുക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നതെന്നും വരും നാളുകളിൽ ടീമിന്റെ മികച്ച പ്രകടനം കാണാനാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ടിക്കറ്റേതര വരുമാനം കൂട്ടാനായി മന്ത്രിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസിയിൽ നടപ്പാക്കിയ പദ്ധതികൾ വൻ വിജയമായിരുന്നു. വരുമാനം വർദ്ധിച്ചതോടെ ജീവനക്കാർക്ക് ശമ്പളവും യഥാസമയം നൽകുന്നുണ്ട്.