'ശക്തനായ,  സമ്പന്നനായ,  സ്വാധീനശക്തിയുള്ളയാൾ  ഇതിന്  പിന്നിലുണ്ട്; വിധി വരുന്നതുവരെ ദിലീപ് ആണെന്നാണ് വിചാരിച്ചത്'

Friday 12 December 2025 3:57 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് മുകളിൽ ശക്തനായ മറ്റാരോ ഉണ്ടാകാമെന്ന് അഡ്വ. എ ജയശങ്കർ. എട്ടാം പ്രതിയായ ദിലീപുമായി ഗുഢാലോചന നടത്തി എന്നത് തെളിയിക്കാൻ വളരെ ശക്തമായ തെളിവുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

'ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്നത് വ്യക്തമാണ്. നടിയുടെ കാറിന്റെ ഡ്രൈവർ അടക്കമുള്ളവർ കുറ്റകൃത്യത്തിൽ പങ്കാളികളാണ്. അതിനാൽതന്നെ ഒന്നാം പ്രതിയുടെ പേരിലുള്ള കുറ്റം തെളിഞ്ഞാൽ ബാക്കിയുള്ള അഞ്ച് പേരുടേത് കൂടി തെളിയേണ്ടതുണ്ട്. ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ എട്ടാം പ്രതിയായ ദിലീപുമായി ഗുഢാലോചന നടത്തി എന്നത് തെളിയിക്കാൻ വളരെ ശക്തമായ തെളിവുകൾ ആവശ്യമാണ്.

ആറുപേരും സംഭവസ്ഥലത്തുണ്ടായിരുന്നവരാണ്. എന്നാൽ അവിടെയില്ലാതിരുന്ന പ്രതിയെ സംബന്ധിച്ചിടത്തോളം ശക്തമായ തെളിവുകൾ ആവശ്യമാണ്. ഒരു ക്രിമിനൽ കേസിൽ ഇത് തെളിയിക്കുക എന്നത് എളുപ്പമല്ല. തെളിയിക്കാൻ അസാദ്ധ്യമാണ് എന്നുതന്നെ പറയാം. അതിന് ഇലക്ട്രോണിക്‌സ് എവിഡൻസ് അടക്കമുള്ളവ ആവശ്യമാണ്.

കൃത്യമായ പ്രേരണയുടെ പുറത്താണ് പൾസർ സുനി അടക്കമുള്ള പ്രതികൾ കുറ്റകൃത്യം ചെയ്തത്. അതിൽ സംശയമില്ല. അല്ലെങ്കിൽ പൾസർ സുനിക്ക് നടിയോട് എന്തെങ്കിലും വിരോധം ഉണ്ടാവണം. ഇതിന് പിറകിൽ ക്വട്ടേഷൻ അല്ലെങ്കിൽ ഗൂഢമായ ഉദ്ദേശം ഉണ്ടെന്നത് വ്യക്തമാണ്. ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ അല്ലാത്ത ശക്തനായ, കൂടുതൽ സമ്പന്നനായ, സ്വാധീനശക്തിയുള്ളയാൾ ഇതിന് പിന്നിലുണ്ട്. അത് ദിലീപ് ആണെന്നാണ് കേസിന്റെ വിധി വരുന്നതുവരെ വിചാരിച്ചിരുന്നത്. അതാണ് തെളിയിക്കാൻ ബുദ്ധിമുട്ടുള്ള കാര്യം'- അഡ്വ. എ ജയശങ്കർ വ്യക്തമാക്കി.