വീട്ടിൽ ചെടികളും പൂക്കളുമുണ്ടോ? വൻ വരുമാനം നേടാൻ വേറെന്തുവേണം? ഉണക്കിയെടുത്തും പണം നേടാം
ഇടുക്കി: കേരള കാർഷിക സർവകലാശാലയുടെ കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് പൂക്കളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ഏകദിന പരിശീലനം സംഘടിപ്പിച്ചു.തെരഞ്ഞെടുത്ത 25 വീതം കുടുംബശ്രീ അംഗങ്ങൾക്കാണ് മണ്ണുത്തിയിൽ പരിശീലനം ലഭിച്ചത്.
കാർഷിക സർവ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ബിനു പി. ബോണി ഉദ്ഘാടനം നിർവഹിച്ചു. കമ്മ്യൂണിക്കേഷൻ സെന്ററിലെ കോഴ്സ് കോർഡിനേറ്റർ ഡോ . സുലജ ഒ. ആർ. സ്വാഗതം ആശംസിച്ചു. വെള്ളാനിക്കര കാർഷിക കോളേജിലെ ഫ്‌ളോറികൽച്ചർ വിഭാഗത്തിന്റെ അസിസ്റ്റന്റ് പ്രൊഫസർ എ. എം. സിമ്മി ക്ലാസുകൾ നയിച്ചു. കുടുംബശ്രീ പ്രോഗ്രാം മാനേജർ ശ്രീ. അമൽരാജ് ജെ ആർ , പാലക്കാട് ബ്ലോക്ക് കോർഡിനേറ്റർ ശ്രീ. മുഹമ്മദ് നൗഷാദ് കെ എ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പൂക്കളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനും, പുഷ്പകർഷകർക്ക് പൂക്കളുടെ വ്യത്യസ്തമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലൂടെ വരുമാനം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ പരിശീലനം നടത്തുന്നത്. പരിശീലനത്തിൽ ചന്ദനത്തിരി നിർമ്മാണം, ഫ്‌ളോറൽ ജെല്ലി, രംഗോലി പൗഡർ, തുടങ്ങിയവ ഉണ്ടാക്കുന്നതിനുള്ള പ്രായോഗിക പരിശീലനമാണ് തിരഞ്ഞെടുക്കപ്പെട്ട 50 അഗ്രി മൂല്യ വർദ്ധിത സംരംഭകർക്ക് ലഭിച്ചത്.
ഇത് കൂടാതെ പൂക്കളിൽ നിന്നും മറ്റു ഭാഗങ്ങളിൽ നിന്നും ഉണക്കിയെടുത്തു ഉണ്ടാക്കുന്ന പുതുമയുള്ള ഉത്പന്നങ്ങളെക്കുറിച്ചും അവയുടെ വിപണിമൂല്യത്തെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു.