ഫോർട്ട്കൊച്ചിയിൽ വിദേശികൾ എത്തിത്തുടങ്ങി,​ വരവേൽക്കാനായി മാലിന്യവും കൊതുകുകളും

Saturday 13 December 2025 12:13 AM IST
ഫോർട്ട് കൊച്ചിയിലെ മാലിന്യക്കൂമ്പാരത്തിനരികിലൂടെ മൂക്കുപൊത്തി നടന്നുനീങ്ങുന്ന വിനോദസഞ്ചാരികൾ

ഫോർട്ട്കൊച്ചി: പുതുവർഷത്തെ വരവേൽക്കാൻ പൈതൃക നഗരിയിൽ വിദേശികൾ എത്തിത്തുടങ്ങി. എന്നാൽ ഈ അതിഥികളെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്നതാകട്ടെ മാലിന്യങ്ങളും കൊതുകുകളും. കഴിഞ്ഞ കുറെ കാലങ്ങളായി ഇത് പതിവായതോടെ കൊച്ചിയെ ഒഴിവാക്കി മൂന്നാർ, ആലപ്പുഴ ബോട്ടിംഗ്, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളാണ് വിദേശികൾ തിരഞ്ഞെടുത്തിരുന്നത്.

എന്നാൽ ഇത്തരണ കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുവത്സര ആഘോഷങ്ങൾക്കായി മാസങ്ങൾക്ക് മുമ്പേ ഇവിടത്തെ ഹോംസ്റ്റേകളും സർക്കാരിന്റെ ഗസ്റ്റ് ഹൗസുകളും ബുക്കിംഗായി കഴിഞ്ഞു.

പൈതൃകം വിളിച്ചോതുന്ന മട്ടാഞ്ചേരി കൊട്ടാരവും, ജൂതപ്പള്ളിയും, ഫോർട്ട്കൊച്ചി സാന്താക്രൂസ് ദേവാലയവും, ചീനവലകളും വിദേശികളെ ഏറെ ആകർഷിക്കുന്നതാണ്. ഫോർട്ട്കൊച്ചി നവീകരണത്തിനായി വർഷാവർഷം അധികാരികൾ കോടികൾ മുടക്കുന്നുണ്ടെങ്കിലും അത് പലരുടെയും കീശകൾ വീർപ്പിക്കുന്നതല്ലാതെ യാതൊരു മാറ്റവുമില്ല. ബീച്ചിലെ മാലിന്യങ്ങളും തകർന്ന ഇരിപ്പിടങ്ങളും വെളിച്ചമില്ലാത്ത വഴിവിളക്കുകളും ഇഴജന്തുക്കൾ നിറഞ്ഞ കാടുകളും വിദേശികൾക്ക് പേടിസ്വപ്നമായി മാറിയിരിക്കുന്നു.

ഗോവ കഴിഞ്ഞാൽ പുതുവർഷം ആഘോഷിക്കുന്ന രാജ്യത്തെ പ്രധാന സ്ഥലമാണ് ഫോർട്ട്കൊച്ചി. അധികാരികളുടെ കെടുകാര്യസ്ഥത മൂലം സംസ്ഥാന ടൂറിസം സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് ഫോർട്ട്കൊച്ചി പുറത്തായിക്കഴിഞ്ഞു. ടൂറിസം വകുപ്പും സംസ്ഥാന സർക്കാരും വാതോരാതെ ഫോർട്ട്കൊച്ചിയെ പുകഴ്ത്തുന്നതല്ലാതെ യാതൊരു വികസനവും ഇവിടെ നടക്കുന്നില്ല.

കഴിഞ്ഞ പുതുവർഷ രാത്രിയിൽ വേണ്ട സൗകര്യമില്ലാതെ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേരാണ് ആശുപത്രിയിലായത്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയും കാരണമായി. വാഹനങ്ങൾ പാർക്ക് ചെയ്യാനോ കാൽനടയാത്രക്കാർക്ക് നടന്നുപോകാനോ കഴിയാത്ത തരത്തിലുള്ള തിരക്കാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ഫോർട്ട്കൊച്ചിയിൽ കണ്ടുവരുന്നത്.