'അടുത്ത മത്സരത്തിലും ഗിൽ ഓപ്പണറാകും, സഞ്ജുവിനോട് കാണിക്കുന്നത് നീതികേടാണ്'
ന്യൂഡൽഹി: ശുഭ്മാൻ ഗില്ലിന് തുടർച്ചയായി അവസരം നൽകുകയും ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണെ പുറത്തിരുത്തുകയും ചെയ്യുന്ന ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. കുറച്ചു ദിവസങ്ങളായി ക്രിക്കറ്റ് ആരാധരകരും മുൻതാരങ്ങളും വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സഞ്ജുവിനെ പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടുത്താത്തതിന് ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങൾ.
മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് താരം സുബ്രഹ്മണ്യം ബദരീനാഥ്, മുൻ ഇന്ത്യൻ നായകൻ കെ ശ്രീകാന്ത് എന്നിവരാണ് സെലക്ഷനിലെ പോരായ്മകളെ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി നടന്ന രണ്ടാം ട്വന്റി-20യിൽ ഗിൽ പൂജ്യത്തിന് പുറത്തായതിന് തൊട്ടുപിന്നാലെയായിരുന്നു ബദരീനാഥിന്റെ പ്രതികരണം എത്തിയത്.
'സഞ്ജു മൂന്ന് തവണയാണ് ട്വന്റി-20 ഫോർമാറ്റിൽ സെഞ്ച്വറികൾ നേടിയിട്ടുള്ളത്. ഒരു കളിക്കാരൻ ഇതിൽ കൂടുതൽ എന്താണ് ചെയ്യേണ്ടത്? ഇത്രയും മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീമിൽ ഉൾപ്പെടുത്താതിരിക്കുന്നത് കാണുമ്പോൾ നിരാശ തോന്നുന്നു,' സ്റ്റാർ സ്‌പോർട്സ് തമിഴിൽ സംസാരിക്കവെ ബദരീനാഥ് പറഞ്ഞു.
ട്വന്റി-20 ഫോർമാറ്റിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്ടനാണ് ഗിൽ. സ്ഥിരമായി ടീമിൽ ഇടമുള്ള ഒരാളെ മാത്രമേ ക്യാപ്ടനോ വൈസ് ക്യാപ്ടനോ ആക്കാൻ കഴിയൂ എന്നും എന്നിട്ടും സഞ്ജുവിന് അവസരം നിഷേധിക്കുന്നത് നീതികേടാണെന്നും ബദരീനാഥ് കൂട്ടിച്ചേർത്തു. അതേസമയം സഞ്ജുവിന്റെയും ഗില്ലിന്റെയും കണക്കുകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ നായകൻ ശ്രീകാന്തും ടീം മാനേജ്‌മെന്റിനെതിരെ തിരിഞ്ഞു.
'2024 ട‌്വന്റി-20 ലോകകപ്പിന് ശേഷം സഞ്ജു 13 ഇന്നിംഗ്‌സുകളിൽ നിന്ന് 182.5 സ്‌ട്രൈക്ക് റേറ്റിൽ മൂന്ന് സെഞ്ച്വറികൾ അടക്കം 417 റൺസ് നേടിയപ്പോൾ ഇതേ കാലയളവിൽ 21 ഇന്നിംഗ്‌സുകളിൽ നിന്ന് 136 സ്‌ട്രൈക്ക് റേറ്റിൽ 506 റൺസാണ് ഗിൽ നേടിയത്. 214 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ മദ്ധ്യനിരയിൽ ബാറ്റു ചെയ്യുന്ന അക്‌സർ പട്ടേലിനെ മൂന്നാം നമ്പറിൽ ഇറക്കിയതിനെയും ശ്രീകാന്ത് ചോദ്യം ചെയ്തു. ഗിൽ നേരത്തേ പുറത്തായതിന് ശേഷം, ആ സ്ഥാനത്ത് മൂന്നാമത് ഇറങ്ങിയ അക്‌സർ, 21 പന്തുകളിൽ നിന്ന് 21 റൺസ് മാത്രമാണ് നേടിയത്. ഇത് ഇന്നിംഗ്‌സിന്റെ വേഗത കുറയ്ക്കാൻ കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർച്ചയായ മോശം പ്രകടനം ഉണ്ടായിട്ടും ടീം മാനേജ്‌മെന്റ് ഗില്ലിന് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. ബാറ്റിംഗ് കോച്ച് റയാൻ ടെൻഡോഷേറ്റ് ഗില്ലിന്റെ ഫോം പ്രശ്നങ്ങളെ നിസ്സാരവൽക്കരിച്ചു. ട്വന്റി-20 ലോകകപ്പിന് മുമ്പുള്ള പരമ്പരകൾ നിർണ്ണായകമായിരിക്കെ, ഞായറാഴ്ച ധരംശാലയിൽ നടക്കുന്ന മൂന്നാം ട്വന്റി-20യിലും ഗിൽ തന്നെ ഓപ്പണറാകാനാണ് സാദ്ധ്യത.