തമിഴനും കന്നടക്കാരനും മലയാളിക്ക് ഒരുമിച്ച് പണികൊടുത്തു, ഉണ്ടായിക്കൊണ്ടിരിക്കുന്നത് വൻ തകർച്ച
തൊടുപുഴ: വിപണിയിൽ പ്രതാപം നഷ്ടപ്പെട്ടതോടെ വിലയിടിഞ്ഞ് ഏത്തക്കായ. നിസാര വിലയിലാണ് പച്ചക്കായും പഴവും വിറ്റഴിക്കുന്നത്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കൂടിയതാണ് വിലയിടിയാൻ പ്രധാന കാരണം. കഴിഞ്ഞ മാസം പകുതി വരെ 34 രൂപയോളമുണ്ടായിരുന്ന മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ വില 28ലേക്ക് താഴ്ന്നു. ചില്ലറ വ്യാപാര കടകളിൽ നേരിട്ട് കൊടുത്താൽ ഇതിലും വില ഇടിയും. മേട്ടുപ്പാളയം, മൈസൂർ കുലകളാണ് വിപണിയിൽ സുലഭം. ഇതോടെ നാടൻ കർഷകർ രൂക്ഷമായ പ്രതിസന്ധിയിലാണ്.
റബർ വില കുറഞ്ഞ് കൃഷി ലാഭകരമല്ലാതായതോടെ പലരും ഏത്തവാഴകൃഷിയിലേക്ക് തിരിഞ്ഞിരുന്നു. ഇത്തരക്കാരാണ് വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്. ഓണക്കാലത്ത് ഭേദപ്പെട്ട വില ലഭിച്ചിരുന്നെങ്കിലും പുറത്തു നിന്നുള്ള കായുടെ വരവ് കൂടിയതോടെ വില ഇടിയുകയായിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്കെത്തുന്ന കുലകൾ വാങ്ങാനാണ് കച്ചവടക്കാർക്ക് താത്പര്യം. മാർക്കറ്റിൽ വില ഇടിഞ്ഞതിനാൽ കർഷകർക്ക് ഏക ആശ്രയമായ പ്രാദേശിക കാർഷിക വിപണന കേന്ദ്രങ്ങളിലും വില കുറഞ്ഞു. വിളവെടുത്ത കൃഷി നഷ്ടമായതോടെ പുതിയ കൃഷിയിറക്കാൻ കർഷകർക്കും മടിയാണ്.
ഉത്പാദന ചെലവും പണിക്കൂലിയുമെല്ലാം കൂടിയതോടെ പാട്ടത്തിനെടുത്ത് കൃഷി ചെയ്തവർ പിന്മാറുകയാണ്. വാഴവിത്ത് ഇപ്പോൾ എല്ലാ ഇനങ്ങൾക്കും 20- 25 രൂപയാണ് വില. 750 രൂപ മുതൽ 1000 രൂപയാണ് തൊഴിലാളികൾക്ക് കൂലി. കൃഷിച്ചെലവ് കണക്കാക്കിയാൽ ഭാരിച്ച നഷ്ടമാണ്. നഷ്ടം സഹിച്ച് ഉത്പാദിപ്പിച്ചാലും കച്ചവടക്കാരൻ പറയുന്ന വിലയ്ക്ക് കുല വിപണിയിൽ കൊടുക്കേണ്ട സാഹചര്യമാണ്.
വഴിയോരങ്ങളിൽ രണ്ടരക്കിലോയ്ക്ക് 100
കായ വില ഇടിഞ്ഞത് കർഷകർക്ക് മെച്ചമല്ലെങ്കിലും വഴിയോര കച്ചവടക്കാർക്ക് ചാകരയാണ്. 2.5 കിലോ 100 രൂപ എന്ന നിരക്കിലാണ് വിൽപ്പന. നിസാര വിലയ്ക്ക് വിപണിയിൽ നിന്ന് കായ വാങ്ങിയാണ് ഈ ആദായ വിൽപ്പന. അവസരം മുതലെടുത്ത് പച്ചക്കായ കിലോ 50 രൂപ നിരക്കിൽ വിൽക്കുന്ന വിരുതന്മാരും തൊടുപുഴ നഗരത്തിലുണ്ട്. വലിപ്പമുള്ളതും ഇരിഞ്ഞെടുത്തതുമായ കായ 22 രൂപയ്ക്ക് മാർക്കറ്റിൽ ലഭിക്കുമ്പോഴാണ്, ഇതിന്റെ പകുതി വലിപ്പം പോലുമില്ലാത്ത തിരിവുകായ 50 രൂപയ്ക്ക് വിൽക്കുന്നത്. തോട്ടങ്ങളിൽ ഒടിഞ്ഞ് കിടക്കുന്ന കായ്കളും ഇത്തരത്തിൽ ശേഖരിച്ച് ചുളുവിൽ വിൽപ്പന നടത്തുന്നവരുമുണ്ട്.
Image Filename Caption