'ദിലീപ്  അഭിനയിക്കുന്ന  ഒറ്റ  സിനിമ  പോലും  വിജയിക്കില്ല,  ഞങ്ങൾ  സമ്മതിക്കില്ല'; വ്യാജപ്രചരണത്തിൽ ഡിജിപിക്ക്   പരാതി  നൽകി  ഭാഗ്യലക്ഷ്‌മി

Friday 12 December 2025 4:53 PM IST

കൊച്ചി: നടൻ ദിലീപുമായി ബന്ധപ്പെടുത്തി തന്റെ പേരിൽ വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാദ്ധ്യമത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്‌മി. 'ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാൻ നമ്മൾ സമ്മതിക്കില്ല' എന്ന വാചകത്തോടൊപ്പം തന്റെ ഫോട്ടോയും ഉപയോഗിച്ചെന്നാണ് ഭാഗ്യലക്ഷ്‌മിയുടെ പരാതിയിൽ പറയുന്നത്.

പരാതിയുടെ പൂർണരൂപം

കഴിഞ്ഞ 51 വർഷമായി മലയാള സിനിമാ രംഗത്ത് ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയി പ്രവർത്തിക്കുന്നു. ഈ കഴിഞ്ഞ മൂന്ന് ദിവസമായി 'തത്സമയം മീഡിയ' എന്ന ഓൺലൈൻ മീഡിയ 'ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല' എന്ന വാചകത്തോടുകൂടി എന്റെ ഫോട്ടോയും വച്ചുകൊണ്ട് ഒരു വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.

അങ്ങനെയൊരു നീക്കമോ ഉദ്ദേശമോ ഒരിക്കലും എനിക്കില്ല. ഞാൻ ചെയ്യുകയുമില്ല. മാത്രമല്ല, യുഡിഎഫ് കൺവീനർ ആയ അടൂർ പ്രകാശിനെതിരെ ഞാൻ നിയമ നടപടിക്കൊരുങ്ങുന്നു എന്ന വാർത്തയും ഇതേ മാദ്ധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്റെ സത്യസന്ധമായ സാമൂഹിക പ്രവർത്തനത്തെ സമൂഹത്തിന് മുൻപിൽ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയും ദിലീപ് എന്ന നടന്റെ ഫാൻസിനെക്കൊണ്ട് തെറി വിളിപ്പിക്കാൻ വേണ്ടിയും മാത്രമാണെന്ന് ഞാൻ സംശയിക്കുന്നു. ആയതിനാൽ ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന 'തത്സമയം മീഡിയ' എന്ന മാദ്ധ്യമത്തിനെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.