അങ്കമാലിയിൽ അവകാശവാദത്തിലുറച്ച് മുന്നണികൾ
അങ്കമാലി: കൂട്ടിയും കിഴിച്ചും പലവട്ടം നോക്കിയിട്ടും വിജയം ഉറപ്പിക്കാമോയെന്ന ആശങ്കയിലാണ് സ്ഥാനാർത്ഥികൾ. അങ്കമാലി നഗരസഭയിലെ എ.പി.കുര്യൻ സ്മാരക ഓഡിറ്റോറിയത്തിലാണ് വോട്ടുകൾ എണ്ണുന്നത്. പഞ്ചായത്തുകളിലെ വോട്ടുകൾ കാലടി ശ്രീശങ്കര കോളേജിലുമാണ്. രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിക്കും. തിരഞ്ഞെടുപ്പിന് ശേഷമുള്ള മുന്നണികളുടെ അവകാശവാദം ഈ വിധമാണ്. നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഭരണം നിലനിറുത്തുമെന്നും എൽ.ഡി.എഫിന്റെ കൈവശമുള്ള പഞ്ചാത്തുകളിലെ ഭരണം പിടിച്ചെടുക്കുമെന്നും യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ആന്റു മാവേലി, സ്‌റ്റീഫൻ മാടവന എന്നിവർ പറഞ്ഞു. അങ്കമാലി നഗരസഭയിൽ 18 മുതൽ 22 വരെ സീറ്റുകളും കറുകുറ്റി പഞ്ചായത്തിൽ 12 മുതൽ 15 വരെ സീറ്റുകളും മൂക്കന്നൂരിൽ 9 മുതൽ 12 വരെ സീറ്റുകളും നേടുമെന്ന് ആന്റു മാവേലി പറഞ്ഞു. അയ്യമ്പുഴയിൽ 9, മഞ്ഞപ്രയിൽ 12, തുറവൂരിൽ 12 എന്നിങ്ങനെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സ്‌റ്റീഫൻ മാടവന പറഞ്ഞു. നിയോജകമണ്ഡലത്തിൽ 2020ലെ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ പഞ്ചായത്തുകൾ എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്ന് സി.പി.എം ഏരിയ സെക്രട്ടറി കെ.പി.റെജീഷ് പറയുന്നു. അയ്യമ്പുഴയിലും മഞ്ഞപ്രയിലും നില മെച്ചപ്പെടുത്തി ഭരണം നിലനിറുത്തും. ഈ പഞ്ചായത്തുകൾ കൂടാതെ 4 പഞ്ചായത്തുകളിലും നഗരസഭയിലും ഭരണത്തിലേറുമെന്നാണ് പ്രതീക്ഷയുള്ളത്. നിയോജകമണ്ഡലത്തിൽ എൻ.ഡി.എ വലിയ നേട്ടങ്ങളുണ്ടാക്കുമെന്ന് ബി.ജെ.പി എറണാകുളം നോർത്ത് ജില്ലാ സെക്രട്ടറി എൻ.മനോജ് പറഞ്ഞു. അങ്കമാലി നഗരസഭയിൽ 5 സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷയെന്നും 3,5,10,15,29 വാർഡുകളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞതായും മനോജ് പറഞ്ഞു. കറുകുറ്റിയിലും മൂക്കന്നൂരും ഓരോ സീറ്റുകൾ വീതവും തുറവൂരിൽ 3 സീറ്റുകളും അയ്യമ്പുഴയിൽ ഒരു സീറ്റും നേടുമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ. അങ്കമാലി നഗരസഭയിൽ 2,3,4,8,10,11,12,13,15,16,17,18,21,22,23,26,27,31 വാർഡുകൾ ഒപ്പം നിൽക്കുമെന്ന് എൽ.ഡി.എഫ് ഉറപ്പിക്കുന്നു. അയ്യമ്പുഴയിൽ 10 സീറ്റുകൾ നേടിയും മഞ്ഞപ്രയിൽ 8 സീറ്റുകൾ നേടിയും ഭരണം നിലനിറുത്തുമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. തുറവൂർ പഞ്ചായത്തിൽ 10 സീറ്റുകളും മൂക്കന്നൂരിൽ 9 സീറ്റുകളും കറുകുറ്റിയിൽ 12 സീറ്റുകളും നേടി അധികാരം പിടിക്കുമെന്നും എൽ.ഡി.എഫ് കണക്കുകൂട്ടുന്നു.