അട്ടിമറികളിൽ ഭയന്ന് മുന്നണികളും പാർട്ടികളും

Saturday 13 December 2025 12:20 AM IST

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് വിധി ഇന്ന് വരാനിരിക്കെ ഇടതു- വലതു മുന്നണികൾക്കും ബി.ജെ.പിക്കും ഫലം നിർണായകം. യു.ഡി.എഫിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്നെങ്കിലും ജില്ലയിൽ സി.പി.എമ്മിനും ബി.ജെ.പിക്കും നിർണായക സ്വാധീനമുള്ള തദ്ദേശ സ്ഥാപനങ്ങൾ നിരവധിയുണ്ട്. ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിലേക്കാണ് ഏവരുടെയും കണ്ണ്. നിലവിൽ ഭരണത്തിലുള്ള പലയിടങ്ങളിലും അട്ടിമറികൾ ഉണ്ടായേക്കുമെന്നത് മൂന്ന് മുന്നണികൾക്കും ആശങ്കയും പ്രതീക്ഷയുമേറ്റുന്നുണ്ട്.

പുതിയ സീറ്റുകളും തദ്ദേശ സ്ഥാപനങ്ങളും പിടിച്ചെടുക്കുന്നതിനോളം തന്നെ പ്രധാനമാണ് കൈയിലുള്ളത് നിലനിറുത്തുകയെന്നതും. കൊച്ചി കോർപ്പറേഷനും തൃപ്പൂണിത്തുറ, തൃക്കാക്കര നഗരസഭകളും കുന്നത്തുനാട് പഞ്ചായത്തും അട്ടിമറികൾക്ക് ഉറച്ച സാദ്ധ്യതയുള്ളയിടങ്ങളാണ്.

കണ്ണുകൾ കോർപ്പറേഷനിലേക്ക്...

കൊച്ചി കോർപ്പറേഷനിൽ 74ൽ 30 വാർഡുകൾ യു.ഡി.എഫിനും 29 എണ്ണം എൽ.ഡി.എഫിനും അഞ്ചെണ്ണം എൻ.ഡി.എയ്ക്കുമായിരുന്നു. കൊച്ചി കോർപ്പറേഷൻ ഭരണം ഇത്തവണ അനായാസം തിരികെ പിടിക്കുമെന്ന് യു.ഡി.എഫ് അവകാശപ്പെടുമ്പോഴും വിമത ശല്യവും കോൺഗ്രസിനുള്ളിലെയും മുന്നണിക്കുള്ളിലെയും അപസ്വരങ്ങളും വോട്ടിംഗിൽ എങ്ങനെ പ്രതിഫലിച്ചുവെന്നതും നിർണായകമാകും. എൽ.ഡി.എഫിനും അത്രമേൽ പ്രധാനമാണ് കോർപ്പറേഷനിലെ ജനവിധി. സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങൾ എന്ന് കൊട്ടിഘോഷിച്ചത് അത്രയും ജനം ഏറ്റെടുത്തോ ഇല്ലയോ എന്നും വോട്ടെണ്ണുമ്പോഴറിയാം.

സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന സ്ഥലമണ് ഉദയംപേരൂർ. എട്ട് സീറ്റുകൾ സി.പി.എമ്മും മൂന്ന് സീറ്റുകൾ സി.പി.ഐയും നേടിയാണ് ഇടതുപക്ഷം കഴിഞ്ഞ തവണ ഭരണം പിടിച്ചത്. കഴിഞ്ഞ തവണ ഏഴ് സീറ്റുകൾ നേടിയ കോൺഗ്രസ് ഇത്തവണ ഭരണം പിടിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.

കിഴക്കമ്പലത്ത് ഭരണം നിലനിറുത്താനാകുമെന്ന് പ്രതീക്ഷിക്കപ്പെടുമ്പോഴും കുന്നത്തുനാട്ടിൽ ഭരണം നഷ്ടപ്പെടുമോ എന്നത് ട്വന്റി 20 ക്യാമ്പിനും ആശങ്ക സമ്മാനിക്കുന്നുണ്ട്. കിഴക്കമ്പലത്ത് സീറ്റ് കുറഞ്ഞാലും ട്വന്റി 20ക്ക് ക്ഷീണമാണ്.

ബി.ജെ.പി പ്രതിപക്ഷത്തുള്ള ജില്ലയിലെ ഏക നഗരസഭയായ തൃപ്പൂണിത്തുറയിൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് പാർട്ടി. ഇങ്ങനെ സംഭവിച്ചാൽ തെക്കൻ കേരളത്തിലെ ബി.ജെ.പിയുടെ ഉജ്ജ്വല നേട്ടങ്ങളിലൊന്നാകുമത്. സി.പി.എമ്മിന് ചരിത്രത്തിലെ വലിയ നഷ്ടങ്ങളിലൊന്നും.

കടമക്കുടി കടമ്പ...

കടമക്കുടി ജില്ലാപഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എൽസി ജോർജിന്റെ പത്രിക തള്ളിയതോടെ ജില്ലയിൽ സി.പി.എമ്മും ബി.ജെ.പിയും നേർക്ക് നേർ ഏറ്റുമുട്ടുന്ന ജില്ലയിലെ ഏക സീറ്റായി മാറി ഇത്. കാലങ്ങളായി കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു ഈ സീറ്റ്. സ്വന്തം പിഴവുകൊണ്ട് കൈമോശം വരുത്തിയ സീറ്റ് ആര് നേടുമെന്നാണ് കോൺഗ്രസും ഉറ്റു നോക്കുന്നത്.