ഗംഭീര്‍ കാരണം സഞ്ജു മാത്രമല്ല ഇല്ലാതാകുന്നത്; ശുബ്മാന്‍ ഗില്ലിന്റെ കാര്യവും സേഫല്ല

Friday 12 December 2025 7:24 PM IST

2024 ജൂണ്‍ 29ന് ട്വന്റി 20 ലോകകപ്പ് നേടുന്നു, ഇതിന് ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞു. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ ഹെഡ് കോച്ചായി സ്ഥാനമേല്‍ക്കുന്നു. തൊട്ട് പിന്നാലെ ആരംഭിക്കുന്ന ഹോം സീരീസില്‍ ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നിവരെ തോല്‍പ്പിച്ച് ഒാസ്‌ട്രേലിയയിലേക്ക് പോകാമെന്ന് കരുതി. ന്യൂസിലാന്‍ഡ് പരമ്പരയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടുമെന്ന് പ്രതീക്ഷിച്ച ഇന്ത്യ നാട്ടിലെ ആ പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെടുകയായിരുന്നു. ശരിക്കും ആ പരമ്പര ഒരു സൂചനയായിരുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യ കപ്പുയര്‍ത്തി. ഇതിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് രോഹിത് ശര്‍മ്മയും വിരാട് കൊഹ്ലിയും വിരമിച്ചു. എന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ തുടര്‍ന്നും കളിക്കാനാണ് ഇരുവരും തീരുമാനിച്ചത്. ട്വന്റി 20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചുവെന്ന കാരണത്താല്‍ രോഹിത് ശര്‍മ്മയുടെ ഏകദിന ടീമിലെ നായക സ്ഥാനവും നഷ്ടമായി. ഐസിസി കിരീടവരള്‍ച്ച അവസാനിപ്പിച്ച നായകനോട് ചെയ്യാവുന്ന കാര്യമായിരുന്നോ അത് എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 2024ല്‍ വിജയികളാക്കിയെന്നതും ക്രിക്കറ്റ് ചര്‍ച്ചകളില്‍ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ദേശസ്‌നേഹത്തിന്റെ വക്താവായി മാറിയതും മാനദണ്ഡമാക്കിയാണ് ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് എത്തിയത്. സീനിയര്‍ താരങ്ങളുടെ കരിയര്‍ അവസാന ഘട്ടത്തിലാണെന്ന കാരണം പറഞ്ഞും പുതിയ ടീമിനെ വാര്‍ത്തെടുക്കണമെന്ന ന്യായം പറഞ്ഞും ഗില്ലിനെ ടെസ്റ്റ് ഏകദിന ടീമുകളുടെ നായകനാക്കി.

ഇന്ത്യന്‍ ക്രിക്കറ്റിന് എല്ലാക്കാലത്തും പോസ്റ്റര്‍ ബോയ് എന്ന വിശേഷണമുള്ള താരങ്ങളും സൂപ്പര്‍സ്റ്റാറുകളും ഉണ്ടായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കൊഹ്ലി, എംഎസ് ധോണി, യുവരാജ് സിംഗ്, രോഹിത് ശര്‍മ്മ എന്നിവരെല്ലാം ആ പദവി അലങ്കരിച്ചത് തങ്ങളുടെ പ്രകടനങ്ങള്‍ക്കൊണ്ടാണ്. എന്നാല്‍ ആദ്യമേ തന്നെ പോസ്റ്റര്‍ ബോയ് ആക്കിയെടുക്കുകയെന്ന ഉദ്ദേശത്തോടെ ശുബ്മാന്‍ ഗില്ലിനെ നായകനാക്കിയതില്‍ പൊരുത്തക്കേടുകള്‍ നിരവധിയാണ്.

ട്വന്റി 20യില്‍ അഭിഷേക് ശര്‍മ്മ - സഞ്ജു സാംസണ്‍ ഓപ്പണിംഗ് ജോഡി കത്തി നില്‍ക്കുമ്പോഴാണ് ഗില്ലിന്റെ മടങ്ങി വരവ്. ഈ ഫോര്‍മാറ്റില്‍ മൂന്ന് സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനവുമായി നില്‍ക്കുന്ന സഞ്ജുവിനെ മദ്ധ്യനിരയിലേക്ക് മാറ്റി. ഇപ്പോള്‍ പ്ലേയിംഗ് ഇലവനില്‍ ഇല്ലാത്ത സ്ഥിതിയായി. എത്ര കാലം സ്‌ക്വാഡില്‍ ഉണ്ടാകുമെന്ന് കണ്ടറിയണം. ഗില്‍ ആണെങ്കില്‍ തന്റെ കരിയറില്‍ ഒരിക്കല്‍പ്പോലും ട്വന്റി 20 ബാറ്റിംഗ് ശൈലിക്ക് പറ്റിയ ആളാണെന്ന് തോന്നലുണ്ടാക്കിയ താരമല്ല. അഭിഷേക് ശര്‍മ്മയുടെ തകര്‍പ്പന്‍ ഫോം, ഇന്ത്യയുടെ തുടര്‍ ജയങ്ങള്‍ എന്നിവയിലൂടെ ഗില്ലിന്റെ പോരായ്മകള്‍ ഈ ഫോര്‍മാറ്റില്‍ മറച്ചുപിടിക്കപ്പെട്ടു.

സഞ്ജുവിന്റെ മാത്രമല്ല അവസരം അര്‍ഹിക്കുന്ന നിരവധി താരങ്ങളോടുള്ള അനീതികൂടിയാണ് ഗില്ലിനെ യോജിക്കാത്ത ഫോര്‍മാറ്റില്‍ വൈസ് ക്യാപ്റ്റന്‍ പദവി കൂടി നല്‍കി തുടര്‍ പരാജയങ്ങളിലും അവസരം നല്‍കുന്നത്. യശസ്വി ജയ്‌സ്‌വാള്‍, ഇഷാന്‍ കിഷന്‍, റിങ്കു സിംഗ് എന്നിവര്‍ക്ക് ഇപ്പോള്‍ കുട്ടി ക്രിക്കറ്റില്‍ അവസരമില്ല. മറ്റ് താരങ്ങളുടെ അവസരം നഷ്ടമാകുന്നതിന്റെ സമ്മര്‍ദ്ദം ഗില്ലിന്റെ ബാറ്റിംഗിലും വ്യക്തമായി കാണാം. ഇത് താരത്തിന്റെ ഏകദിന, ടെസ്റ്റ് മത്സരങ്ങളിലെ ബാറ്റിംഗിനെ ബാധിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.