ജില്ലയിലെ വോട്ടെണ്ണൽ 28 കേന്ദ്രങ്ങളിൽ
കാക്കനാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ജില്ലാ ഭരണകൂടം. ഇന്ന് രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ജില്ലയിലെ 111 തദ്ദേശ സ്ഥാപനങ്ങളിലെ 2200 വാർഡുകളിലെ വോട്ടുകൾ എണ്ണുന്നതിനായി 28 കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണിയ ശേഷമായിരിക്കും വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള വോട്ടുകൾ എണ്ണുക. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ കളക്ടറേറ്റിലെ സ്പാർക്ക് ഹാളിലാണ് എണ്ണുക. മറ്റുള്ളവ അതത് കേന്ദ്രങ്ങളിൽ തന്നെ എണ്ണും. വിജയികൾക്ക് ഉടൻ തന്നെ സർട്ടിഫിക്കറ്റുകൾ നൽകും.
അതീവ സുരക്ഷയോടെ സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെണ്ണലിന് കുറച്ച് മുൻപ് മാത്രമേ ഹാളിലേക്ക് മാറ്റുകയുള്ളൂ. ഉച്ചയോടെ പൂർണമായ ഫലം പ്രഖ്യാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇതിനായി 6000ത്തോളം ജീവനക്കാരെയാണ് വിവിധയിടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ളത്. ഓരോ ബൂത്തിലെയും വോട്ടുകൾ എണ്ണി തീരുന്നതിന് അനുസരിച്ച് ഫലങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യും. തിരഞ്ഞെടുപ്പ് ഫലം തത്സമയം തന്നെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി എല്ലാ കേന്ദ്രങ്ങളിലും മീഡിയ സെന്റർ ഒരുക്കിയിട്ടുണ്ട്. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേയും വിവരങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി ജില്ലാ കളക്ടറേറ്റിലെ പ്ലാനിംഗ് ഹാളിൽ കേന്ദ്രീകൃത മീഡിയ സെന്ററും തയ്യാറാക്കിയിട്ടുണ്ട്. എല്ലാ വോട്ടെണ്ണൽ കേന്ദ്രത്തിലെയും ഫലം ക്രോഡീകരിച്ച് മാദ്ധ്യമങ്ങൾക്ക് നൽകുന്നത് ഇവിടെ നിന്നാകും.
ഡിസംബർ 21ന് പുതിയ ഭരണസമിതികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. രാവിലെ 10ന് ത്രിതല പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ഭരണസമിതികളും 11ന് കോർപ്പറേഷനിലെ ഭരണസമിതിയും ചുമതലയേൽക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.