നടി ആക്രമിക്കപ്പെട്ട കേസ്: പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിച്ചില്ല, പരിശോധിച്ച് തുടർ നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ 6 പ്രതികൾക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. ഇത്രയും പ്രമാദമായ കേസിൽ പ്രതികളായ ആറുപേർക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് സജി ചെറിയാൻ പറഞ്ഞു. കേസിൽ ശിക്ഷയിൽ കുറവുണ്ടോ എന്ന് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും മന്ത്രി ആവർത്തിച്ചു. പരമാവധി ശിക്ഷ ലഭിച്ചില്ലെന്നുള്ളത് കൊണ്ടാണ് അത് സംബന്ധിച്ച് പഠിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പറഞ്ഞത്. പ്രോസിക്യൂഷന് വീഴ്ച വന്നില്ലല്ലോ. ആറ് പ്രതികൾ കുറ്റക്കാരാണെന്നും ഗുരുതരമായ കുറ്റം അവർ ചെയ്തെന്നും കൃത്യമായ എവിഡൻസ് ഉണ്ടെന്നും ആദ്യം തന്നെ കോടതി പറഞ്ഞല്ലോ. അതിൽ വീഴ്ചയില്ല. പ്രോസിക്യൂഷൻ ചെയ്യേണ്ട കാര്യം ചെയ്തുവെന്നും മന്ത്രി പ്രതികരിച്ചു.
കോടതി വിധി പരിശോധിക്കാതെ , പഠിക്കാതെ ആധികാരികമായി പറയാൻ കഴിയില്ല. പരമാവധി ശിക്ഷ ലഭ്യമാകണമെന്നാണ് ആഗ്രഹിച്ചത്. അങ്ങനെയാണ് പ്രതീക്ഷിച്ചത്. എന്നാൽ പരമാവധി ശിക്ഷ കിട്ടാത്തിടത്തോളം കാലം അത് സംബന്ധിച്ച് മനസിലാക്കി അതിജീവിതയ്ക്കൊപ്പം സർക്കാർ മുന്നോട്ടു പോകുമെന്നും സജി ചെറിയാൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
കേസിൽ ഒന്നു മുതൽ ആറുവരെ പ്രതികളായ സുനി, മാർട്ടിൻ, മണികണ്ഠൻ, വി.പി. വിജീഷ്, വടിവാൾ സലിം, പ്രദീപ് എന്നിവർക്ക് വിചാരണക്കോടതി 20 വർഷം കഠിനതടവും പിഴയുമാണ് ശിക്ഷ വിധിച്ചത്. വിവിധ കുറ്റങ്ങളിലായി പ്രതികൾക്ക് കോടതി വിധിച്ച പിഴത്തുകയിൽ നിന്ന് അഞ്ചു ലക്ഷം രൂപ അതീജീവിതയ്ക്ക് നൽകണമെന്നും കോടതി വ്യക്തമാക്കി. 2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. എട്ടു വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.