'അമ്മ' അതിജീവിതയ്‌ക്കൊപ്പം: പ്രതികൾക്ക് ശിക്ഷ പോര, അപ്പീൽ പോകണം; ശ്വേതാമേനോൻ
കൊച്ചി: താരങ്ങളുടെ സംഘടനയായ 'അമ്മ' എപ്പോഴും അതിജീവിതയ്‌ക്കൊപ്പമെന്ന് സംഘടനയുടെ പ്രസിഡന്റ് ശ്വേതാമേനോൻ. നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്ക് കോടതി വിധിച്ച ശിക്ഷയിൽ തൃപ്തയല്ലെന്നും കേസിൽ അപ്പീൽ പോകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന കാര്യത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും ശ്വേതാമേനോൻ വ്യക്തമാക്കി.
'പ്രതികൾക്ക് കിട്ടിയ ശിക്ഷയിൽ സന്തുഷ്ടയാണ്. നമ്മുടെ ഇൻഡസ്ട്രിയിലുള്ള നിരവധി സ്ത്രീകൾക്ക് അതിജീവിത വലിയൊരു മാതൃകയാണ്. കേസിൽ അപ്പീൽ പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായം.ആ കുട്ടിയുടെ അഭ്യർത്ഥനയും അതുതന്നെയാണ്'.ശ്വേതമേനോൻ പറഞ്ഞു.
ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അത്തരത്തിലൊരു ചർച്ചയും നടന്നിട്ടില്ലെന്നും ശ്വേതാമേനോൻ പറഞ്ഞു. 'ചാരിറ്റി സംഘടനയാകുമ്പോൾ അതിന്റേതായ നിയമവശങ്ങളുണ്ട്. ഞങ്ങളെല്ലാവരും അതിജീവിതയ്‌ക്കൊപ്പമാണ്. ഓരോസ്ത്രീകളും എല്ലാ മലയാളികളും അവൾക്കൊപ്പം തന്നെയാണ്'. താരം കൂട്ടിച്ചേർത്തു.