കയറും മുമ്പ് ബസ് വിട്ടു; വാതിൽ ഇടിച്ച് വൃദ്ധയുടെ കൈ എല്ല് പൊട്ടി
ആലുവ: കയറും മുമ്പ് മുന്നോട്ടെടുത്ത ബസിന്റെ ഹൈഡ്രോളിക്ക് വാതിലിടിച്ച് വൃദ്ധയുടെ വലത് കൈയുടെ എല്ല് പൊട്ടുകയും കുഴ തിരിയുകയും ചെയ്തു. കിഴക്കേ കടുങ്ങല്ലൂർ കനാൽ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന മണേലിപ്പടി തണ്ടാമട്ട് വീട്ടിൽ വാസുദേവന്റെ ഭാര്യ നിർമ്മലയുടെ (72) വലത് കൈക്കാണ് പരിക്കേറ്റത്. അസഹ്യമായ വേദനയുണ്ടെന്നറിയിച്ചിട്ടും വൃദ്ധയെ ബസ് ജീവനക്കാർ ജില്ലാ ആശുപത്രി കവലയിൽ ഇറക്കി വിട്ടു.
ആലുവ - വരാപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന ചാറ്റുകുളത്തപ്പൻ ബസിലെ ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയത്. ശ്വാസംമുട്ടിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പോകുന്നതിനായി കിഴക്കേ കടുങ്ങല്ലൂരിൽ നിന്നാണ് നിർമ്മല ബസിൽ കയറിയത്. ചവിട്ടുപടിയിൽ കയറുന്നതിന് മുമ്പേ ബസ് വിട്ടു. തൊട്ടുപിന്നാലെ ഹൈഡ്രോളിക്ക് വാതിൽ അടയുകയും ചെയ്തു. ഈ സമയത്താണ് പരിക്കേറ്റത്.
ആലുവ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ തേടി. ആശുപത്രിക്കവലയിൽ ഇറങ്ങിയ മറ്റൊരു സ്ത്രീ ബസിന്റെ ചിത്രം ഫോണിൽ പകർത്തി വൃദ്ധയുടെ മകളുടെ വാട്ട്സ് ആപ്പിലേക്ക് അയച്ചുനൽകി. ബസ് മനസിലാക്കിയ നിർമ്മലയുടെ മക്കൾ ഉടമയുമായി ബന്ധപ്പെട്ടപ്പോൾ ആദ്യം ചികിത്സാചെലവ് നൽകാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഫോൺ എടുക്കാതെയായി. ഇന്ന് ബസിനും ജീവനക്കാർക്കുമെതിരെ ബിനാനിപുരം പൊലീസിൽ പരാതി നൽകുമെന്ന് മകൻ അനിൽകുമാർ കേരളകൗമുദിയോട് പറഞ്ഞു.