ഗുരുവായൂർ എക്സ്‌പ്രസിൽ മദ്യലഹരിയിൽ പൊലീസുകാരനുനേരെ ആക്രമണം
കൊച്ചി: ട്രെയിനിലെ ജനറൽ കോച്ചിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റു. എറണാകുളം റെയിൽവേ പൊലീസിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.എം. ഷിഹാബിന് (39) നേരെയാണ് ആക്രമണമുണ്ടായത്.
വെള്ളിയാഴ്ച രാത്രി 11.28നായിരുന്നു സംഭവം. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ മധുര - ഗുരുവായൂർ എക്സ്‌പ്രസ്സ് ട്രെയിനിലെ ജനറൽ കോച്ചിൽ സഞ്ചരിച്ച കോട്ടയം കുറിച്ചി സ്വദേശി വിജയകുമാറാണ് (61) അക്രമാസക്തനായത്. ഇയാൾ ട്രെയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി സഹയാത്രക്കാർ അറിയിച്ചതിനെ തുടർന്നാണ് സ്റ്റേഷനിൽ പ്ലാറ്റ്ഫോം ജോലിയിലുണ്ടായിരുന്ന ആർ.പി.എഫ് അംഗങ്ങൾക്കൊപ്പം ഷിഹാബ് കോച്ചിലെത്തിയത്.
ഇയാളെ ബലംപ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കുന്നതിനിടെ പ്രതി പൊലീസുകാരന്റെ യൂണിഫോമിന്റെ കോളറിൽ പിടിച്ചുവലിക്കുകയും ബട്ടൺ പൊട്ടിക്കുകയും ചെയ്തു. പിന്നീട് ഷിഹാബിന്റെ നെഞ്ചിൽ ഇടിക്കുകയും ഇടതു കൈവിരലിന്റെ ചൂണ്ടുവിരലിൽ കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. ആർ.പി.എഫും പൊലീസും ചേർന്ന് പണിപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്.
പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പരിക്കേൽപ്പിച്ചതിനും മദ്യപിച്ച് ട്രെയിൻയാത്രചെയ്തതിനും വിജയകുമാറിനെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.