കടത്തനാടൻ കളരിയിൽ ഇനി ഒതേനൻ ഗുരിക്കളില്ല

Saturday 13 December 2025 12:00 AM IST
ഒതേനൻ ഗുരിക്കൾ

കുറ്റ്യാടി: കടത്തനാടൻ കളരിയിൽ ഉയരങ്ങൾ കീഴടക്കിയ ചെറിയ മനുഷ്യൻ കായക്കൊടി കണയങ്കോട്ട് മഠത്തിൽ ഒതേനൻ ഗുരിക്കൾ (97) യാത്രയായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്നു. കളരി പയറ്റ് ലോകത്തെ ഉയരം കുറഞ്ഞ മനുഷ്യനായിരുന്നു ഇദ്ദേഹം (നാലടി അഞ്ചിഞ്ച്). അഭ്യാസ വൈദഗ്ധ്യം കൊണ്ട് ഇന്ത്യക്ക് അകത്തും പുറത്തും വലിയ ശിഷ്യ സമ്പത്ത് നേടിയിരുന്നു. കളരി അഭ്യാസങ്ങൾക്ക് പുറമെ കളരി മർമ്മ ചികിത്സയിലും കേമനായിരുന്നു ഒതേനൻ ഗുരിക്കൾ. 90-ാമത്തെ വയസിലും നാട്ടിലെ കുട്ടികൾക്ക് കളരി പരിശീലനവും കളരിചികിത്സയും നടത്തിവന്നിരുന്നു. ഒമ്പതാം വയസിലാണ് വട്ടോളിയിലെ കുഞ്ഞമ്പു ഗുരിക്കളുടെ അടുത്ത് അച്ചൻ പരിശീലനത്തിനയക്കുന്നത്. തന്നെക്കാൾ പൊക്കമുള്ള സമപ്രായക്കാരെ അഭ്യാസ മുറകളിൽ പിന്നിലാക്കിയതോടെ ഗുരിക്കൾക്ക് ഒതേനനിൽ താത്പര്യം വർദ്ധിച്ചു. കളരി തന്നെയാണ് തന്റെ വഴിയെന്ന് അദ്ദേഹം തിരിച്ചറിയുകയും ചെയ്തു.

മുച്ചാൺ വടി, കുറുവടി, ഒറ്റ, കെട്ടിയാരി, വാൾ, ഉറുമി തുടങ്ങിയ ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ അന്നുതന്നെ ഒതേനൻ പ്രാവീണ്യം നേടി. കാലങ്ങൾക്ക് ശേഷം 1964 ൽ മുതൽ തന്നെ വടകര താലൂക്കിലെ പ്രശസ്ത കളരി പരിശീലകനായി അറിയപ്പെടാൻ തുടങ്ങിയ ഒതേനൻ ഗുരുക്കൾ 74 ൽ സ്വന്തമായി കളരിയാരംഭിച്ചു. വിദേശങ്ങളിലും ഗുരിക്കളുടെ പ്രശസ്‌തിയെത്തി. ഫോർക്ക് ലോർഡ് അക്കാഡമി അവാർഡ് മുതൽ നിരവധി പ്രശസ്തിപത്രങ്ങളും അവാർഡുകളും അദ്ദേഹത്തെ തേടിയെത്തി. അക്കാലത്ത് അഭിമുഖത്തിനായി റഷ്യയിൽ നിന്ന് മാദ്ധ്യമപ്രവർത്തകർ എത്തിയിരുന്നു. റഷ്യൻ എഴുത്തുകാരനായ അലക്സാണ്ടർ കാപ്പ റോവിൻ്റെ യാത്ര വിവരണത്തിൽ ഒരദ്ധ്യായം ഒതേനനൻ ഗുരിക്കളെ പറ്റിയായിരുന്നു. കളരിക്ക് പുറമെ കൃഷിയിലും ഗുരിക്കൾക്ക് പ്രാവീണ്യമുണ്ടായിരുന്നു. സി.എച്ച് കണാരൻ, എം.കെ കേളു, യു കുഞ്ഞിരാമൻ, എ.കണാരൻ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.