മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വിധിക്ക് സുപ്രീംകോടതി സ്റ്റേ

Saturday 13 December 2025 12:30 AM IST

ന്യൂഡൽഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്‌തു. ഹൈക്കോടതി വിധിക്ക് മുമ്പുള്ള തൽസ്ഥിതി തുടരണമെന്ന് നിർദേശിച്ചു.

വിഷയം കോഴിക്കോട്ടെ വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുമ്പോൾ, ഹൈക്കോടതിക്ക് എങ്ങനെ ഭൂമിയുടെ സ്വഭാവം നിർണയിക്കാൻ കഴിയുമെന്ന് കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.

ഹൈക്കോടതിയിൽ വന്നത് ജുഡിഷ്യൽ കമ്മിഷനെ നിയമിച്ചതുമായി ബന്ധപ്പെട്ട റിട്ട് ഹർജിയാണ് . അതു നിലനിൽക്കുമോ ഇല്ലയോ എന്നതിൽ തീരുമാനമെടുത്ത് അവിടെ നി‌ർത്തണമായിരുന്നു. എന്നാൽ, അധികാരപരിധി കടന്ന് മുന്നോട്ടു പോയി. വിഷയം വിശദമായി പരിശോധിക്കുമെന്ന് ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിധിയെ അപ്പീൽ മുഖേന സംസ്ഥാന സർക്കാർ ചോദ്യംചെയ്യണമായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

മുനമ്പത്തെ ഭൂമിയെ സംബന്ധിച്ച് അന്വേഷിക്കാൻ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡിഷ്യൽ കമ്മിഷനായി സംസ്ഥാന സർക്കാർ നിയോഗിച്ചതിനെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചിരുന്നു. ആ നടപടി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. പ്രവർത്തനം തുടരാം.

കേരള വഖഫ് സംരക്ഷണ വേദി, ടി.എം. അബ്‌ദുൾ സലാം എന്നിവർ സമർപ്പിച്ച ഹർജികളാണ് പരിഗണിച്ചത്. സംസ്ഥാന സർക്കാർ, ജുഡിഷ്യൽ അന്വേഷണ കമ്മിഷൻ, സംസ്ഥാന വഖഫ് ബോ‌ർഡ്, ഫറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റി എന്നിവരടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ജനുവരി അവസാനയാഴ്ച വാദം കേൾക്കും.

എതിർത്ത് സർക്കാർ

#ഹർജിയെ സംസ്ഥാന സർക്കാർ എതിർത്തു. കേരള വഖഫ് സംരക്ഷണ വേദി പുറത്തുനിന്നുള്ള കക്ഷിയാണ്. അവർക്ക് ഹർജി നൽകാൻ അധികാരമില്ല. വഖഫിന്റെ മുത്തവല്ലി, ജുഡിഷ്യൽ കമ്മിഷൻ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടില്ല. കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞുവെന്നും മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്‌ത അറിയിച്ചു.

# മുനമ്പം ഭൂമിയുടെ വഖഫ് രജിസ്ട്രേഷൻ ഹൈക്കോടതിക്ക് മുന്നിലെത്തിയ വിഷയമല്ലെന്ന് ഹർജിക്കാർക്കുവേണ്ടി അഡ്വ. ഹുസേഫ അഹമ്മദി ബോധിപ്പിച്ചു.

വിചാരണയ്‌ക്കും തെളിവെടുപ്പിനും ശേഷം ട്രൈബ്യൂണലാണ് തീരുമാനമെടുക്കേണ്ടത്. ജുഡിഷ്യൽ കമ്മിഷൻ അന്വേഷണം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.

# കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ ഹർജി അപ്രസക്തമായെന്ന് ഒരുവിഭാഗം മുനമ്പം സ്വദേശികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ചിദംബരേഷ് വാദിച്ചു. 2019ൽ പൊടുന്നനെ വഖഫായി നോട്ടിഫൈ ചെയ്യുകയായിരുന്നു. താമസക്കാരുടെ ഭാഗം കേട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

ഹൈക്കോടതി കണ്ടെത്തിയത്

മുനമ്പത്തെ ഭൂമി കോഴിക്കോട് ഫറൂഖ് കോളേജിനുള്ള ഇഷ്‌ടദാനമായിരുന്നുവെന്നാണ് കഴിഞ്ഞ ഒക്‌ടോബറിൽ ഹൈക്കോടതി വിധിച്ചത്. വഖഫായി രജിസ്റ്റർ ചെയ്‌തത് 1995ലെ വഖഫ് നിയമത്തിലെ വ്യവസ്ഥകൾക്ക് എതിരാണെന്നും ഹൈക്കോടതി വിധിച്ചിരുന്നു.