സ്വർണക്കൊള്ള:ചെന്നിത്തല ഞായറാഴ്ച മൊഴിനൽകും

Saturday 13 December 2025 1:32 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്.ഐ.ടി ഞായറാഴ്ച രേഖപ്പെടുത്തും. ഇന്നലെ വൈകിട്ട് 4ന് മൊഴിയെടുക്കാനിരുന്നതായിരുന്നു. ഹരിപ്പാട് മണ്ഡലത്തിൽ വൈകിട്ടോടെ എത്താനുള്ളതിനാൽ മൊഴിനൽകാൻ അസൗകര്യം ചെന്നിത്തല ഉച്ചയോടെ അറിയിച്ചു. രണ്ട് ദിവസം മുമ്പ് ചെന്നിത്തല ഹാജരാകാമെന്ന് അറിയിച്ചെങ്കിലും എസ്.പി.ശശിധരന് അസൗകര്യമായതിനാൽ മാറ്റി. ശബരിമലയിൽ നിന്നും കടത്തിയ സ്വർണപ്പാളികൾ പുരാവസ്തുക്കളായി 500കോടിക്ക് വിദേശത്ത് വിറ്റെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിലാണ് മൊഴിയെടുക്കൽ. വിവരം കൈമാറാമെന്ന് ചെന്നിത്തല എസ്.ഐ.ടിക്ക് കത്ത് നൽകിയിരുന്നു. തനിക്കു പരിചയമുള്ള, ഇന്ത്യയ്ക്കു പുറത്തുള്ള വ്യവസായിയാണ് വിവരം നൽകിയതെന്ന് ചെന്നിത്തല പറഞ്ഞിരുന്നു.