കത്തോലിക്കാ മെത്രാൻ സമിതി: വർഗീസ് ചക്കാലക്കൽ പ്രസിഡന്റ്
കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) പ്രസിഡന്റായി കോഴിക്കോട് അതിരൂപത ബിഷപ്പും കേരള ലത്തീൻ മെത്രാൻസമിതി പ്രസിഡന്റുമായ വർഗീസ് ചക്കാലക്കലിനെ തിരഞ്ഞെടുത്തു. പത്തനംതിട്ട മലങ്കര രൂപതയിലെ ബിഷപ്പ് സാമുവേൽ ഐറേനിയോസ് (വൈസ് പ്രസിഡന്റ്),ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് തോമസ് തറയിൽ (സെക്രട്ടറി ജനറൽ) എന്നിവരാണ് മറ്റു ഭാരവാഹികൾ. പാലാരിവട്ടം പി.ഒ.സിയിലെ സമ്മേളനത്തിലാണ് തിരഞ്ഞെടുത്തത്. മൂന്നുവർഷമാണ് കാലാവധി. തൃശൂർ കോട്ടപ്പുറം രൂപതയിലെ മാള പള്ളിപ്പുറം ചക്കാലക്കൽ ഔസേപ്പ് -മറിയം ദമ്പതികളുടെ മകനാണ് 72 കാരനായ വർഗീസ് ചക്കാലക്കൽ. മംഗലാപുരത്ത് തത്ത്വശാസ്ത്ര,ദൈവശാസ്ത്രപഠനം പൂർത്തിയാക്കി 1981ൽ പൗരോഹിത്യം സ്വീകരിച്ചു. ദൈവശാസ്ത്രം,സാമ്പത്തികശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദങ്ങൾ നേടി. റോമിലെ ഉർബൻ സർവകലാശാലയിൽനിന്ന് സഭാനിയമത്തിൽ ഡോക്‌ടറേറ്റ് നേടി. കണ്ണൂർ രൂപതയുടെ ആദ്യത്തെ മെത്രാനാണ്. കോഴിക്കോട് രൂപതയെ അതിരൂപതയാക്കിയപ്പോൾ ബിഷപ്പായി മാർപ്പാപ്പ നിയമിച്ചു.