റെക്കാഡ് പുതുക്കി സ്വർണക്കുതിപ്പ്

Friday 12 December 2025 11:11 PM IST

പവൻ വിലയിൽ 2,520 രൂപയുടെ വർദ്ധന

കൊച്ചി: സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വവും അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറച്ചതും സ്വർണ വിലയിൽ റെക്കാഡ് കുതിപ്പുണ്ടാക്കി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന്(31.1 ഗ്രാം) 4,338 ഡോളറിലെത്തി. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നലെ പവന് മൂന്ന് തവണയായി 2,520 രൂപയും ഗ്രാമിന് 315 രൂപയും വർദ്ധിച്ചു. പവൻ വില 98,400 രൂപയിലും ഗ്രാമിന് 12,300 രൂപയുമാണ്. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ അടുത്ത ആഴ്ച പവൻ വില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപയിലെത്തിയേക്കും. ഒക്‌ടോബർ 17ന് രേഖപ്പെടുത്തിയ 97,360 രൂപയെന്ന റെക്കാഡാണ് പവൻ മറികടന്നത്.

രാജ്യാന്തര വിപണിയിൽ നൂറ് ഡോളർ കൂടി വർദ്ധിച്ചാൽ കേരളത്തിൽ ഗ്രാമിന്റെ വില 12,500 രൂപയിലെത്തുമെന്ന് വ്യാപാരികൾ പറയുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 90.42 വരെ താഴ്ന്നതോടെ ഇറക്കുമതി ചെലവ് കൂടിയതാണ് ഇന്ത്യയിൽ വിലക്കയറ്റത്തോത് വർദ്ധിപ്പിച്ചത്.

പ്രതിസന്ധികളിലെ സുരക്ഷിത നിക്ഷേപം

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളിൽ ‌ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ വിലയിരുത്തുന്നത്. നാണയപ്പെരുപ്പ ഭീഷണിയും സാമ്പത്തിക, തൊഴിൽ മേഖലകളിലെ തളർച്ചയും കണക്കിലെടുത്ത് ഫെഡറൽ റിസർവ് വീണ്ടും പലിശ കുറയ്ക്കുമെന്ന വാർത്തകളാണ് സ്വർണ വിലയിൽ കുതിപ്പുണ്ടാക്കിയത്. സാമ്പത്തിക പ്രതിസന്ധി നേരിടാൻ കേന്ദ്ര ബാങ്കുകളും സ്വർണ ശേഖരം വർദ്ധിപ്പിക്കുന്നു.

വെള്ളി വിലയും പുതിയ ഉയരത്തിൽ

സ്വർണത്തിലെ റെക്കാഡ് കുതിപ്പ് വെള്ളിയ്ക്കും കരുത്തായി. ഇന്നലെ ചരിത്രത്തിലാദ്യമായി വെള്ളി വില കിലോഗ്രാമിന് രണ്ട് ലക്ഷം രൂപ കവിഞ്ഞു. ഇന്നലെ വെള്ളി വില കിലോയ്ക്ക് 6,000 രൂപ വർദ്ധിച്ച് 2.03 ലക്ഷം രൂപയിലെത്തി. ലഭ്യതയിലെ ഇടിവും വ്യാവസായിക ആവശ്യത്തിനായുള്ള വാങ്ങലുമാണ് വെള്ളി വില ഉയർത്തുന്നത്.

കുതിപ്പിന് പിന്നിൽ

1. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് തുടർച്ചയായി പലിശ കുറയ്ക്കുന്നു

2. റഷ്യയും യൂറോപ്യൻ യൂണിയനുമായുള്ള രാഷ്ട്രീയ സംഘർഷം ശക്തമാകുന്നു

3. ട്രംപിന്റെ തീരുവ നടപടികൾ അമേരിക്കയിൽ നാണയപ്പെരുപ്പം ഉയർത്തുന്നു

4. സാമ്പത്തിക സുരക്ഷിതത്വം തേടി കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം കൂട്ടുന്നു

പവൻ വില@98,400 രൂപ

വെള്ളി വില കിലോഗ്രാമിന് 2,03,000 രൂപ