വിനേഷ് വീണ്ടും ഗോദയിലേക്ക്, ലക്ഷ്യം ലോസാഞ്ചലസ് ഒളിമ്പിക്സ്

Friday 12 December 2025 11:18 PM IST

ന്യൂഡൽഹി : പാരീസ് ഒളിമ്പിക്സ് ഫൈനലിന് തൊട്ടുമുമ്പ് ശരീരഭാരം 100 ഗ്രാം കൂടിയതിന്റെ പേരിൽ അയോഗ്യയാക്കപ്പെട്ടതിൽ മനസുനൊന്ത് വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന വനിതാ ഗുസ്തി താരം വിനേഷ് ഫോഗാട്ട് വീണ്ടും ഗുസ്തി ഗോദയിലേക്ക് എത്തുന്നു. താൻ വിരമിക്കൽ തീരുമാനം പിൻവലിച്ചതായി വിനേഷ് ഇന്നലെ സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് അറിയിച്ചത്. അടുത്തവർഷം ലോസാഞ്ചലസിൽ നടക്കുന്ന ഒളിമ്പിക്സിൽ പങ്കെടുക്കുകയാണ് തന്റെ ലകഞ്ഞഷ്യമെന്ന് 31കാരിയായ വിനേഷ് അറിയിച്ചു.

ഗുസ്തി ഫെഡറേഷൻ തലവനായിരുന്ന ബ്രിജ്ഭൂഷൻ ചരൺ സിംഗിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തിയ സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന വിനേഷിനെ പാരീസ് ഒളിമ്പിക്സിലെ തിരിച്ചടി ഏറെ തളർത്തിയിരുന്നു. ഇതോടെ കായികരംഗം വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിനേഷ് കോൺഗ്രസ് ടിക്കറ്റിൽ ഹരിയാന നിയമസഭയിലേക്കു മത്സരിച്ച് ജുലാന മണ്ഡലത്തിൽനിന്ന് 6,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.വിനേഷിനും ഭർത്താവ് സോംവീർ രാതിക്കും ഈ വർഷം ജൂലൈയിൽ ആൺകുഞ്ഞ് പിറന്നിരുന്നു.

2021 ലെ ടോക്യോ ഒളിംപിക്സിൽ വിനേഷ് ഫോഗാട്ട് ക്വാർട്ടർ ഫൈനലിൽ തോറ്റുപുറത്തായിരുന്നു.പാരീസിൽ സെമിയിൽ ജയിച്ചതിനാൽ വെള്ളിമെഡലെങ്കിലും നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്റർ നാഷണൽ ഒളിമ്പിക് കമ്മറ്റിക്ക് മുന്നിൽ അപ്പീൽ നൽകിയെങ്കിലും തള്ളിയിരുന്നു. തുടർച്ചയായ മൂന്ന് തവണ കോമൺവെൽത്ത് ഗെയിംസുകളിലും ഒരു ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയ താരമാണ് വിനേഷ്. ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് തവണ വെങ്കലം നേടിയിട്ടുണ്ട്.

ഞാനിപ്പോഴും ഗുസ്തിയെ സ്നേഹിക്കുന്നു. എന്നിലെ തീ അണഞ്ഞുപോയിട്ടില്ലെന്ന് തിരിച്ചറിയുന്നു. ഇപ്പോഴും എനിക്കു മത്സരിക്കണമെന്നുണ്ട്.കീഴടങ്ങാനാകാത്ത മനസ്സുമായി ഞാൻ ലൊസാഞ്ചലസ് ഒളിമ്പിക്സിനു വേണ്ടി തയാറെടുക്കുകയാണ്. എന്റെ യാത്ര ഒറ്റയ്ക്കല്ല. വലിയ പ്രചോദനമായി എനിക്കൊപ്പം മകനുമുണ്ട്. – വിനേഷ് ഫോഗാട്ട്