സഞ്ജുവിനോടെന്തിനീ പിണക്കം ?
ഫോമിലല്ലെങ്കിലും ഗില്ലിന് അവസരങ്ങൾ, ബെഞ്ചിലിരിക്കാൻ സഞ്ജു
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. അഞ്ചുമത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു ബെഞ്ചിലിരിക്കുകയായിരുന്നു. ഓപ്പണിംഗ് പൊസിഷനിലേക്ക് ശുഭ്മാൻ ഗിൽ വന്നതാണ് സഞ്ജുവിന്റെ സ്ഥാനം നഷ്ടപ്പെടുത്തിയത്. ഗിൽ ഓപ്പൺ ചെയ്യുമ്പോൾ സ്വാഭാവികമായും സഞ്ജുവിന് മദ്ധ്യനിരയിലേക്ക് മാറേണ്ടിവരും. പക്ഷേ മദ്ധ്യനിരയിൽ സഞ്ജുവിനേക്കാൾ മിടുക്ക് മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ്മയ്ക്ക് ആയതിനാൽ പ്ളേയിംഗ് ഇലവനിൽ നിന്നും സഞ്ജു പുറത്താകുന്നു. ഇതായിരുന്നു കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവസ്ഥ.
സഞ്ജുവിനേക്കാൾ മുന്നേ ഇന്ത്യൻ ടീമിൽ ഓപ്പണറായി എത്തിയത് ഗിൽ ആണെന്നും സഞ്ജുവിന് മതിയായ അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും ആദ്യ ട്വന്റി-20ക്ക് മുമ്പ് നടത്തിയ പത്രസമ്മേളനത്തിൽ ക്യാപ്ടൻ സൂര്യകുമാർ യാദവ് പറഞ്ഞപ്പോൾ തന്നെ സഞ്ജുവിന്റെ കാര്യത്തിൽ സംഭവിക്കാൻ പോകുന്നതെന്തെന്ന് വ്യക്തമായിരുന്നു. ആദ്യ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഗിൽ നാലു റൺസ് എടുത്താണ് പുറത്തായത്. രണ്ടാം മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ ഡക്കായി. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യൻ നായകനായ ഗിൽ കൊൽക്കത്താ ടെസ്റ്റിനിടെ സംഭവിച്ച പരിക്ക് ഭേദമായാണ് ട്വന്റി-20യിലേക്ക് എത്തിയത്. കണക്കുകൾ പരിശോധിച്ചാൽ ട്വന്റി-20 ഫോർമാറ്റിൽ ഗിൽ അത്ര മറ്റ് ഫോർമാറ്റുകളിലേതുപോലെ മികവ് കാട്ടാറില്ല എന്നത് വ്യക്തമാണ്. എങ്കിലും അടുത്തവർഷം ആദ്യം നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ കോച്ച് ഗംഭീറിന്റെ ലിസ്റ്റിൽ ഗിൽ ഉണ്ടെന്നുള്ളതിന്റെ തെളിവാണ് ഈ ഫോർമാറ്റിൽ ലഭിക്കുന്ന അവസരങ്ങൾ.
ഗില്ലിന് ലഭിക്കുന്ന പരിഗണന അതേരീതിയിൽ സഞ്ജുവിന് ലഭിക്കാത്തതിൽ മുൻ താരങ്ങളും ആരാധകരും കടുത്ത നിരാശയിലാണ്. റോബിൻ ഉത്തപ്പ അടക്കമുള്ളവർ ഇതിനെതിരെ പരസ്യമായി രംഗത്തുവന്നു.
ഇന്ത്യയുടെ 2024 ലോകകപ്പ് വിജയത്തിനുശേഷം, ടീമിന്റെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരിൽ മൂന്നാമത്തെയാളാണ് സഞ്ജു . ദക്ഷിണാഫ്രിക്കയിൽ രണ്ടു സെഞ്ചറികളുൾപ്പെടെ മൂന്നു സെഞ്ചറികളാണ് ഓപ്പണറായി ഇറങ്ങി സഞ്ജു നേടിയത്. എന്നാൽ വൈസ് ക്യാപ്ടനായി ഗിൽ തിരിച്ചെത്തിയതോടെ സഞ്ജുവിനു ബാറ്റിംഗ് ഓർഡറിൽ താഴേയ്ക്ക് ഇറങ്ങേണ്ടി വന്നു.
മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനു വേണ്ടി നടത്തിയ മികച്ച പ്രകടനവുമായാണ് സഞ്ജു ഇന്ത്യൻ ടീമിൽ എത്തിയത്. രണ്ട് അർധസെഞ്ചറിയും രണ്ട് 40+ സ്കോറും നേടിയ സഞ്ജു, ആന്ധ്രയ്‌ക്കതിരെ 56 പന്തിൽ 73 റൺസുമായി പുറത്താകാതെ നിന്നു. മുഷ്താഖ് അലി ട്രോഫിയിൽ ബറോഡ താരമായ ജിതേഷിന്റെ ഉയർന്ന സ്കോർ 41 ആയിരുന്നു.