സൂപ്പർ ലീഗ് കേരളയിൽ സെമി നാളെ തുടങ്ങുന്നു
കൊച്ചി: സൂപ്പർലീഗ് കേരള (എസ്.എൽ.കെ) ഫുട്ബാൾ രണ്ടാം സീസണിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് വേദികളൊരുങ്ങി. നാളെ നടക്കുന്ന ആദ്യ സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സി സ്വന്തം തട്ടകമായ ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്.സിയെ നേരിടും. 15ന് നടക്കുന്ന രണ്ടാം സെമിയിൽ കരുത്തരായ തൃശൂർ മാജിക് എഫ്.സി മലപ്പുറം എഫ്.സിയുമായി മാറ്റുരയ്ക്കും. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞയാഴ്ച നടക്കേണ്ടിയിരുന്ന സെമി മത്സരങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ കാരണങ്ങളാലാണ് നീട്ടിവച്ചത്. അടിസ്ഥാനസൗകര്യ വികസനത്തിലും ജനപങ്കാളിത്തത്തിലും ഡിജിറ്റൽലോകത്തും വൻവിപ്ലവമാണ് സൂപ്പർലീഗ് കേരളയുടെ രണ്ടാംസീസൺ സൃഷ്ടിച്ചിരിക്കുന്നതെന്ന് ലീഗ് സി.ഇ.ഒ മാത്യു ജോസഫ്, മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ എന്നിവർ പറഞ്ഞു. കേരളത്തിലെ ആറ് സ്റ്റേഡിയങ്ങളിലായി ഇതുവരെ 4,20,366 പേരാണ് സൂപ്പർലീഗ് കേരള മത്സരങ്ങൾ നേരിട്ട് കാണാൻ ഗ്യാലറിയിലെത്തിയത്. സ്റ്റേഡിയങ്ങൾക്ക് പുറമെ ലൈവ്സ്ട്രീമിഗിലും റെക്കോർഡ് മുന്നേറ്റമുണ്ടായി. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി 15കോടി കാഴ്ചക്കാരെ സ്വന്തമാക്കാൻ സൂപ്പർലീഗ് കേരളയ്ക്ക് സാധിച്ചു.
ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന മുൻനിര സ്‌പോർട്ടിംഗ് ലീഗുകളിൽ ഒന്നായി മാറാൻ സൂപ്പർലീഗ് കേരളയ്ക്ക് സാധിച്ചുവെന്നത് ഏറെ അഭിമാനകരമായ നേട്ടമാണെന്നും ഇരുവരും പറഞ്ഞു.