ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ല; എന്തുകൊണ്ട് വെറുതേ വിട്ടു, വ്യക്തമാക്കി കോടതി
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ 1711 പേജുള്ള വിധിപകർപ്പ് പകർപ്പ് പുറത്തുവന്നു. കേസിൽ ഗൂഢാലോചന വാദം തള്ളിയ കോടതി ഗൂഢാലോചന നടന്നതിന് തെളിവില്ലെന്നും വിധിന്യായത്തിൽ വിശദമാക്കുന്നു. എന്തുകൊണ്ട് എട്ടാംപ്രതിയായ ദിലീപിനെ വെറുതെ വിട്ടു എന്നത് സംബന്ധിച്ചും കോടതി വ്യക്തത വരുത്തി. ദിലീപ് പൾസർ സുനിക്ക് പണം നൽകിയതിന് തെളിവില്ലെന്നും ഉത്തരവിൽ പറയുന്നു. ഒൻപതാം പ്രതി മേസ്തിരി സനൽ ജയിലിൽ പൾസർ സുനിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും വിധിന്യായത്തിലെ 1547ാം പേജിലുണ്ട്. ദിലീപ് വിചാരണ കോടതിയിലടക്കം ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ആരോപണവും കോടതി നിഷേധിച്ചു
ജയിലിനുള്ളിലെ ഫോൺ വിളിയിലും കോടതി സംശയം പ്രകടിപ്പിച്ചു. അതേസമയം തെളിവില്ലെങ്കിലും അന്വേഷണസംഘം ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ സുനിയും ദിലീപും ഗൂഢആലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ഗൂഢാലോചന നടന്നു എന്ന് പറയുന്നത് 2013 ലാണ്. എന്നാൽ, 2017 ലാണ് കുറ്റകൃത്യം നടന്നത്. രണ്ട് വർഷവും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 2013ൽ തന്നെ ഗൂഢാലോചന നടന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. 2013 മുതൽ 2017 വരെയുള്ള കാലയളവിൽ വിവിധ കേസുകളിൽ സുനി എവിടെയായിരുന്നു എന്ന് കൃത്യമായി ട്രാക്ക് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഈ കാലഘട്ടത്തിൽ സുനി ഒളിവിൽ പോയതായി പ്രോസിക്യൂഷൻ വാദിക്കുന്നു. എന്നാൽ ചില ക്രിമിനൽ കേസുകളിൽ ഇയാൾ കോടതിയിൽ ഹാജരായിട്ടുണ്ട്. ഇതിലൊരു കേസിൽ വെറുതെ വിട്ടിട്ടുമുണ്ട്. ഗൂഢാലോചന ആരോപിക്കുമ്പോൾ പ്രതി എവിടെ, എങ്ങനെ എന്ത് ചെയ്തു എന്ന് അന്വേഷണ സംഘം വിശദമായി അന്വേഷിക്കണമായിരുന്നുവെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.
വിവാഹമോതിരത്തിന്റെ ചിത്രം വ്യക്തമായി എടുത്ത് നൽകണമെന്ന് ദിലീപ് നിർദേശിച്ചെന്നാണ് പ്രോസിക്യൂഷന്റെവാദം. ദൃശ്യങ്ങളിൽ അതിജീവിതയുടെ മുഖം വ്യക്തമാണ്. അതിനാൽ വിവാഹമോതിരം കാണിച്ച് ഐഡന്റിറ്റി സ്ഥിരീകരിക്കണ്ട കാര്യമില്ല. ആദ്യ റിപ്പോർട്ടുകളിൽ ഈ മോതിരത്തിന്റെ കാര്യം പറയുന്നില്ല. അത് അതിജീവിത കോടതിയിൽ നൽകിയ മൊഴിക്ക് ശേഷമാണ് പരാമർശിക്കുന്നത്. ഇത് അതിജീവിതയുടെ മൊഴിയുമായി മാച്ച് ചെയ്യാൻ വേണ്ടിയാണോ എന്ന സംശയമുയർത്തുന്നതാണ്. അതിനാൽ ഒന്നും പ്രതിയും എട്ടാം പ്രതിയും ചേർന്ന് അത്തരമൊരു ഗൂഢാലോചന നടത്തിയെന്ന വാദം നിലനിൽക്കില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.
കേസിൽ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം കഠിനതടവ് വിധിച്ചു. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിച്ചത്. പൾസർ സുനിയെ കൂടാതെ, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ തെളിഞ്ഞിട്ടുള്ളത്.