കൂടൽമാണിക്യം ജാതിവിവേചന പരാതി മനുഷ്യാവകാശ കമ്മിഷൻ തീർപ്പാക്കി
തൃശൂർ: കൂടൽമാണിക്യത്തിലെ കഴകമായി നിയമിക്കപ്പെട്ട പിന്നാക്ക സമുദായ അംഗത്തെ മാറ്റിനിറുത്തിയെന്ന ആരോപണത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ തുടർനടപടി അവസാനിച്ചു. ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് കമ്മിഷൻ അംഗം വി.ഗീത കേസ് അവസാനിപ്പിച്ചത്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വഴി നിയമിതനായ ബി.എ.ബാലു ജോലി രാജിവച്ച സാഹചര്യത്തിൽ കെ.എസ്.അനുരാഗിനെ കഴകമായി നിയമിച്ചെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ കമ്മിഷനെ അറിയിച്ചു. ബാലു ജാതിവിവേചനം നേരിട്ടതായി യാതൊരു പരാതിയും ദേവസ്വത്തിന് ലഭിച്ചിട്ടില്ലെന്നും അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് തന്നെയാണ് ബാലുവിന് പകരം ഒരാളെ നിയമിച്ചതെന്നും റിപ്പോർട്ടിലുണ്ട്. കൂടൽമാണിക്യത്തിലെ കഴകം തസ്തിക പാരമ്പര്യതസ്തികയാണെന്നും, ദേവസ്വം റിക്രൂട്ട്‌മെന്റ് വഴി നിയമനം കഴിയില്ലെന്നും പരാമർശിച്ച് ടി.വി.ഹരികൃഷ്ണൻ സമർപ്പിച്ച ഹർജിയിൽ സിവിൽ കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.