വെട്ടിത്തിളങ്ങി പാതയോരങ്ങൾ: ഉണർന്ന് ക്രിസ്മസ് വിപണി

Friday 12 December 2025 11:50 PM IST

കൊല്ലം: പാതയോരങ്ങൾ അലങ്കാര ലൈറ്റുകൾ, നക്ഷത്രങ്ങൾ എന്നിവയാൽ വെട്ടിത്തിളങ്ങുകയാണ്. ക്രിസ്മസിന്റെ വരവറിയിച്ച് നഗരത്തിലെ പാതയോര വിപണികൾ സജീവമായിത്തുടങ്ങി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിപണി നേരത്തെയൊരുങ്ങിയെന്ന് കച്ചവടക്കാർ പറയുന്നു.

വില്പനയ്ക്ക് പുറമെ മിന്നിത്തിളങ്ങുന്ന കാഴ്ചകൾ കാണാനെത്തുന്നവരുടെ തിരക്കുമുണ്ട്. പുൽക്കൂട്ടിൽ വയ്ക്കുന്ന രൂപങ്ങൾ, ബഹുവർണ നക്ഷത്രങ്ങൾ, സാന്താക്ലോസ് പ്രതിമകൾ, റെഡിമെയ്ഡ് പുൽക്കൂടുകൾ, പച്ച, വെള്ള നിറങ്ങളിലെ സാദാ ക്രിസ്മസ് ട്രീ മുതൽ പൈൻ ട്രീകൾ വരെ, ക്രിസ്മസ് കാർഡുകൾ എന്നിങ്ങനെ ക്രിസ്മസ്, പുതുവർഷ ആഘോഷത്തിന് വേണ്ടതെല്ലാം വിപണിയിൽ സുലഭമായി. ക്രിസ്മസ് ട്രീകൾക്കും റെഡിമെയ്ഡ് പുൽക്കൂടുകൾക്കും ഡിമാൻഡേറെയാണ്.

ക്രിസ്മസ് ട്രീക്ക് നീളം അനുസരിച്ച് 300 രൂപ മുതൽ 8000 രൂപ വരെയാണ് വിലവരുന്നത്. വില അല്പം കൂടുമെങ്കിലും മെറ്റലിലും ഫൈബറിലും പനയോലയിലും പ്ലാസ്റ്റിക്കിലും മൾട്ടിവുഡിലും ഇത്തവണ പുൽക്കൂടുകൾ വില്പക്കെത്തിച്ചിട്ടുണ്ട്. ഫൈബർ പുൽക്കൂടിനാണ് ഇത്തവണ ആവശ്യക്കാർ ഏറെയുള്ളത്. 250 മുതലാണ് വില. കുട്ടികൾക്കും മുതിർന്നവർക്കും സാന്താക്ലോസ് വേഷങ്ങൾ 300 രൂപയ്ക്ക് മുതൽ ലഭിക്കും. മാസ്‌കുകളും വില്പനയ്ക്കുണ്ട്. പൂൽക്കൂട് അലങ്കരിക്കാനുള്ള വിവിധ നിറങ്ങളിലുള്ള ബലൂണുകൾ, വർണക്കടലാസുകൾ, ബോളുകൾ എന്നിവയും ലഭ്യമാണ്. പല നിറത്തിലുള്ള ബോളുകളും ബെല്ലുകളും 30 രൂപ മുതൽ ലഭിക്കും.

ഡിമാൻഡ് എൽ.ഇ.ഡിക്ക്

ഇത്തവണയും എൽ.ഇ.ഡി നക്ഷത്രങ്ങളാണ് വിപണിയിലെ താരങ്ങൾ. എൽ.ഇ.ഡി സ്റ്റാറുകൾ, എൽ.ഇ.ഡി ബൾബുകൾ, എൽ.ഇ.ഡി ഉപയോഗിച്ചിട്ടുള്ള ചെറിയ മാലാഖകൾ, ചെറിയ ടേബിൾ ട്രീ എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. 80 രൂപ മുതലാണ് വില. എൽ.ഇ.ഡി ക്രിസ്മസ് ട്രീയക്ക് വില അല്പം കൂടും. 3000 ആണ് ഒന്നിന് വില. സാന്താക്ലോസ് സെറ്റുകൾ 200 രൂപ മുതൽ ലഭ്യം. പല നിറത്തിലുള്ള ഗിൽറ്റ് നക്ഷത്രങ്ങളും ലഭ്യമാണ്. സ്റ്റാൻ‌ഡ് ഘടിപ്പിച്ച എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് 400 രൂപ മുതലാണ് വില. പേപ്പർ നക്ഷത്രങ്ങൾക്ക് ആവശ്യക്കാർ പൊതുവേ കുറവാണ്. മഴത്തുള്ളി, ബൾബ്, ട്രീ തുടങ്ങിയ ലൈറ്റുകൾക്കും ആളുകൾ കൂടുതലാണ്. 100 രൂപമുതലാണ് വില. വെളിച്ചം കൂടുതലുള്ള നക്ഷത്രങ്ങൾക്കാണ് ഡിമാൻഡെന്ന് കച്ചവടക്കാർ പറയുന്നു.