അഞ്ചൽ അപകടം: സഹോദരീ പുത്രിമാർ ഒന്നിച്ച് യാത്രയായി

Friday 12 December 2025 11:56 PM IST

കൊല്ലം: അഞ്ചൽ- പുനലൂർ റോഡിൽ മാവിള ജംഗ്ഷന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സഹോദരീ പുത്രിമാരുടെ മൃതദേഹങ്ങൾ അടുത്തടുത്ത് സംസ്കരിച്ചു. പുനലൂർ കരവാളൂർ നീലമ്മാൾ പള്ളിവടക്കേതിൽ സുനിൽ കുമാർ - ബിനി ദമ്പതികളുടെ മകൾ ശ്രുതിലക്ഷ്മി (16), അഞ്ചൽ തഴമേൽ ചൂരക്കുളം ജയജ്യോതി ഭവനിൽ രഘു- ബിന്ദു ദമ്പതികളുടെ മകൾ ജ്യോതിലക്ഷ്മി (21) എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്കരിച്ചത്. ഓട്ടോ ‌ഡ്രൈവർ തഴമേൽ ചൂരക്കുളം അക്ഷയ് ഭവനിൽ അക്ഷയുടെ (23) മൃതദേഹം ഇന്ന് സംസ്കരിക്കും. വ്യാഴാഴ്ച പുലർച്ചെ ഒന്നിനായിരുന്നു അപകടം.

വിങ്ങിപ്പൊട്ടി കൂട്ടുകാർ

കരവാളൂർ എ.എം.എം എച്ച്.എസ്.എസിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയായിരുന്ന ശ്രുതിലക്ഷ്മിയുടെ ഭൗതികദേഹം ഇന്നലെ രാവിലെ 10 ഓടെയാണ് സ്കൂൾ വളപ്പിൽ പൊതുദർശനത്തിന് വച്ചത്. വിങ്ങിപ്പൊട്ടി കാത്തുനിന്നിരുന്ന കൂട്ടുകാരികൾ അലമുറയിട്ടുകൊണ്ടാണ് ശ്രുതിലക്ഷ്മിയെ ഒരുനോക്കു കാണാനായി എത്തിയത്. പുഷ്പങ്ങൾ അർപ്പിച്ചും കണ്ണീർ പൊഴിച്ചും കൂട്ടുകാരികൾ ശ്രുതിലക്ഷ്മിയെ പൊതിഞ്ഞപ്പോൾ ആശ്വസിപ്പിക്കാൻ പെടാപ്പാടുപെടുകയായിരുന്നു അദ്ധ്യാപകർ. ഒന്നര മണിക്കൂർ പൊതുദർശനത്തിന് വച്ചശേഷമാണ് വീട്ടിലേയ്ക്ക് അവസാന യാത്രയായത്. പന്ത്രണ്ടോടെ വീട്ടിലേക്ക് എത്തിച്ചപ്പോഴേക്കും ജ്യോതിലക്ഷ്മിയുടെയും മൃതദേഹം നീലമ്മാൾ പള്ളിവടക്കേതിൽ വീട്ടിലേക്ക് കൊണ്ടുവന്നു. മൃതദേഹങ്ങൾ മുറ്റത്ത് പൊതുദർശനത്തിന് വച്ചതോടെ ബന്ധുക്കളും നാട്ടുകാരും അലമുറയിട്ട് കരഞ്ഞു. മന്ത്രി ജെ.ചിഞ്ചുറാണി, പി.എസ്.സുപാൽ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ തുടങ്ങിയ പ്രമുഖരുമെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ തലേ ദിവസമെത്തിയിരുന്നു. ഒരു മണിക്കൂർ നേരം പൊതുദർശനത്തിന് വച്ചശേഷം മൃതദേഹങ്ങൾ ചിതയിലേക്കെടുത്തു.