ജനവിധി ഇന്നറിയാം: ജില്ലയിൽ വോട്ടെണ്ണൽ 16 കേന്ദ്രങ്ങളിൽ
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജില്ലയിലെ 16 കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. 11 ബ്ലോക്ക്തല കേന്ദ്രങ്ങളിൽ ഗ്രാമപഞ്ചായത്തുകളുടെയും നാല് നഗരസഭ കേന്ദ്രങ്ങളിൽ അതത് നഗരസഭകളുടെയും തേവള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കോർപ്പറേഷന്റെയും വോട്ടെണ്ണൽ നടക്കും. കളക്ടറുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റൽ ബാലറ്റുകൾ എണ്ണും.
ഗ്രാമ, ബ്ലോക്ക് വാർഡുകൾക്ക് പുറമേ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും വോട്ടെണ്ണൽ അതാത് ബ്ലോക്ക് കേന്ദ്രങ്ങളിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റുകളും എണ്ണും. തുടർന്ന് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർത്ഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരിക്കും സ്ട്രോംഗ് റൂം തുറക്കുന്നത്. അവിടെ നിന്ന് ഓരോ വാർഡിലെയും മെഷീനുകൾ കൗണ്ടിംഗ് ഹാളിലേക്ക് വോട്ടെണ്ണാൻ കൊണ്ടു പോകും. സ്ഥാനാർത്ഥിയുടെയോ സ്ഥാനാർത്ഥികൾ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിലാണ് ഓരോ ടേബിളിലും വോട്ടെണ്ണുക.
ഓരോ കൺട്രോൾ യൂണിറ്റിലെയും ഫലം അപ്പോൾ തന്നെ കൗണ്ടിംഗ് സൂപ്പർവൈസർ രേഖപ്പെടുത്തി വരണാധികാരിക്ക് നൽകും. ഒരു വാർഡിലെ പോസ്റ്റൽ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണി തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഫലപ്രഖ്യാപനം നടത്തും. കൗണ്ടിംഗ് ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് കമ്മിഷൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, ചീഫ് ഏജന്റുമാർ, കൗണ്ടിംഗ് ഏജന്റുമാർ എന്നിവർക്കാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളത്. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ ലിങ്കുകൾ മുഖേന ഫലമറിയാം.
ശക്തമായ സുരക്ഷയുമായി പൊലീസ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പുറമേ മുന്നണികളുടെ ആഹ്ലാദ പ്രകടനം നടക്കാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് ശക്തമായ പൊലീസ് വിന്യാസമുണ്ടാകും. പ്രശ്നബാധിത മേഖലകളിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും.