വോട്ടെണ്ണാൻ സർവ്വ സജ്ജമായി പാലക്കാട്

Saturday 13 December 2025 1:03 AM IST
പാ​ല​ക്കാ​ട് ​നഗരസഭയിലെ സ്ട്രോം​ഗ് ​റൂ​മി​ന് ​കാ​വ​ൽ​ ​നിൽ​ക്കു​ന്ന​ ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ.

പാലക്കാട്: തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് പാലക്കാട് ജില്ലയിലെ 20 കേന്ദ്രങ്ങളിൽ നടക്കും. 13 ബ്ലോക്ക് തല കേന്ദ്രങ്ങളിൽ വച്ച് പഞ്ചായത്തുകളുടെയും ഏഴ് നഗരസഭാ തലങ്ങളിൽ അതത് നഗരസഭകളുടെയും വോട്ടെണ്ണും. ഇതു കൂടാതെ ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ എണ്ണും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റുകൾ അതത് വരണാധികാരികളുടെ ടേബിളിൽ എണ്ണും. പോസ്റ്റൽ ബാലറ്റുകൾ എട്ട് മണിയോടെ എണ്ണിതുടങ്ങും. രാവിലെ 7.45 ന് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർത്ഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിൽ സ്ട്രോംഗ് റൂമുകൾ തുറക്കും. അവിടെ നിന്ന് ഓരോ വാർഡിലെയും മെഷീനുകൾ ഓരോ ഗ്രാമ പഞ്ചായത്തിനും പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടിംഗ് ഹാളിലേക്ക് കൊണ്ടു പോകും. ഇ.വി.എം വോട്ടെണ്ണൽ രാവിലെ 8.30ന് ആരംഭിക്കും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ(ഇ.വി.എം) കൺട്രോൾ യൂണിറ്റുകൾ മാത്രമാണ് സ്ട്രോംഗ് റൂമുകളിൽ നിന്നും ടേബിളുകളിൽ എത്തിക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ഇ.വി.എം വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും.

വാർഡുകളുടെ ക്രമനമ്പർ പ്രകാരമായിരിക്കും വോട്ടിംഗ് മെഷീനുകൾ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കുക. ഒരു വാർഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളുടെയും മെഷീനുകൾ ഒരു ടേബിളിൾ തന്നെ ആയിരിക്കും എണ്ണുക. സ്ഥാനാർത്ഥിയുടെയോ സ്ഥാനാർത്ഥികൾ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബിളിലും വോട്ടെണ്ണുക. പരമാവധി എട്ടു വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ ടേബിളിൽ എണ്ണും. ടേബിളിൽ വെക്കുന്ന കൺട്രോൾ യൂണിറ്റിൽ സീലുകൾ, സ്‌പെഷ്യൽ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാർത്ഥികളുടെയോ, ഇലക്ഷൻ ഏജന്റുമാരുടെയോ, കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് വോട്ടെണ്ണൽ ആരംഭിക്കുക. കൺട്രോൾ യൂണിറ്റിൽ നിന്നും ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ടുനില ലഭിക്കും. തുടർന്ന്, ബ്ലോക്ക്പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ടുവിവരം കിട്ടും. ഓരോ കൺട്രോൾ യൂണിറ്റിലെയും ഫലം അപ്പോൾ തന്നെ കൗണ്ടിംഗ് സൂപ്പർവൈസർ അതാത് റിസൾട്ട് ഷീറ്റുകളിൽ രേഖപ്പെടുത്തി വരണാധികാരിക്ക് നൽകും. ഒരു വാർഡിലെ അല്ലെങ്കിൽ ഡിവിഷനിലെ പോസ്റ്റൽ ബാലറ്റുകളും എല്ലാ ബൂത്തുകളിലെയും ഇ.വി.എം വോട്ടുകളും എണ്ണി തീരുന്ന മുറയ്ക്ക് അത് രണ്ടും ചേർത്ത് കൂടുതൽ വോട്ടു കിട്ടുന്ന സ്ഥാനാർത്ഥി വിജയിച്ചതായി അതാത് വരണാധികാരിമാർ ഫലപ്രഖ്യാപനം നടത്തും.