പവന് വില ഒരു ലക്ഷം തൊടുന്നു, കിലോയ്ക്ക് വില രണ്ട് ലക്ഷം കടന്നു; ആഭരണം അണിയാന്‍ ലോട്ടറി അടിക്കേണ്ടി വരും

Saturday 13 December 2025 12:05 AM IST

പവന്‍ വിലയില്‍ 2,520 രൂപയുടെ വര്‍ദ്ധന

കൊച്ചി: സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വവും അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ കുറച്ചതും സ്വര്‍ണ വിലയില്‍ റെക്കാഡ് കുതിപ്പുണ്ടാക്കി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന്(31.1 ഗ്രാം) 4,338 ഡോളറിലെത്തി. ഇതിന്റെ ചുവടുപിടിച്ച് കേരളത്തില്‍ ഇന്നലെ പവന് മൂന്ന് തവണയായി 2,520 രൂപയും ഗ്രാമിന് 315 രൂപയും വര്‍ദ്ധിച്ചു. പവന്‍ വില 98,400 രൂപയിലും ഗ്രാമിന് 12,300 രൂപയുമാണ്. ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ അടുത്ത ആഴ്ച പവന്‍ വില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപയിലെത്തിയേക്കും. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയെന്ന റെക്കാഡാണ് പവന്‍ മറികടന്നത്.

രാജ്യാന്തര വിപണിയില്‍ നൂറ് ഡോളര്‍ കൂടി വര്‍ദ്ധിച്ചാല്‍ കേരളത്തില്‍ ഗ്രാമിന്റെ വില 12,500 രൂപയിലെത്തുമെന്ന് വ്യാപാരികള്‍ പറയുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 90.42 വരെ താഴ്ന്നതോടെ ഇറക്കുമതി ചെലവ് കൂടിയതാണ് ഇന്ത്യയില്‍ വിലക്കയറ്റത്തോത് വര്‍ദ്ധിപ്പിച്ചത്.

പ്രതിസന്ധികളിലെ സുരക്ഷിത നിക്ഷേപം

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളില്‍ ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണത്തെ വിലയിരുത്തുന്നത്. നാണയപ്പെരുപ്പ ഭീഷണിയും സാമ്പത്തിക, തൊഴില്‍ മേഖലകളിലെ തളര്‍ച്ചയും കണക്കിലെടുത്ത് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ കുറയ്ക്കുമെന്ന വാര്‍ത്തകളാണ് സ്വര്‍ണ വിലയില്‍ കുതിപ്പുണ്ടാക്കിയത്. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കേന്ദ്ര ബാങ്കുകളും സ്വര്‍ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നു.

വെള്ളി വിലയും പുതിയ ഉയരത്തില്‍

സ്വര്‍ണത്തിലെ റെക്കാഡ് കുതിപ്പ് വെള്ളിയ്ക്കും കരുത്തായി. ഇന്നലെ ചരിത്രത്തിലാദ്യമായി വെള്ളി വില കിലോഗ്രാമിന് രണ്ട് ലക്ഷം രൂപ കവിഞ്ഞു. ഇന്നലെ വെള്ളി വില കിലോയ്ക്ക് 6,000 രൂപ വര്‍ദ്ധിച്ച് 2.03 ലക്ഷം രൂപയിലെത്തി. ലഭ്യതയിലെ ഇടിവും വ്യാവസായിക ആവശ്യത്തിനായുള്ള വാങ്ങലുമാണ് വെള്ളി വില ഉയര്‍ത്തുന്നത്.

കുതിപ്പിന് പിന്നില്‍

1. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായി പലിശ കുറയ്ക്കുന്നു

2. റഷ്യയും യൂറോപ്യന്‍ യൂണിയനുമായുള്ള രാഷ്ട്രീയ സംഘര്‍ഷം ശക്തമാകുന്നു

3. ട്രംപിന്റെ തീരുവ നടപടികള്‍ അമേരിക്കയില്‍ നാണയപ്പെരുപ്പം ഉയര്‍ത്തുന്നു

4. സാമ്പത്തിക സുരക്ഷിതത്വം തേടി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ ശേഖരം കൂട്ടുന്നു

പവന്‍ വില@98,400 രൂപ

വെള്ളി വില കിലോഗ്രാമിന് 2,03,000 രൂപ