കാട്ടുപന്നികളുടെ ആക്രമണം; 3000 മൂട് മരച്ചീനി നശിച്ചു
ഓയൂർ: പൂയപ്പള്ളി പഞ്ചായത്തിലെ നെല്ലിപ്പറമ്പ് ഏലായിൽ കാട്ടുപന്നികളുടെ കൂട്ട ആക്രമണം. കഴിഞ്ഞ ഒറ്റരാത്രികൊണ്ട് നശിപ്പിച്ചത് 3000 മൂട് മരച്ചീനികളാണ്. നെല്ലിപ്പറമ്പ് നിർമ്മാല്യത്തിൽ മുരളീധരക്കുറുപ്പിന്റെ
മരച്ചീനിക്കൃഷിയാണ് പന്നികൾ നശിപ്പിച്ചത്. മുരളീധരക്കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള നിലത്തിന് പുറമെ സമീപത്തെ നിലങ്ങൾ കൂടി പാട്ടത്തിനെടുത്താണ് അദ്ദേഹം കൃഷിയിറക്കിയത്. ഏകദേശം വിളവെടുപ്പിന് പാകമായി വരുന്ന സമയത്താണ് കാട്ടുപന്നികളുടെ അക്രമം ഉണ്ടായത്. കൃഷി നഷ്ടമായതിനാൽ മറ്റ് കർഷകർ നെല്ലിപ്പറമ്പ് ഏലായിലെ ഒട്ടുമിക്ക പാടങ്ങളും തരിശിട്ടിരിക്കുകയായിരുന്നു. സമീപത്തെ ഏലാകളിൽ പന്നിശല്യം ഉണ്ടായിരുന്നെങ്കിലും നെല്ലിപ്പറമ്പ് ഏലായിൽ പന്നികൾ എത്തിയിരുന്നില്ല എന്ന പ്രതീക്ഷയിലാണ് മുരളീധരൻ ഇവിടെ കൃഷിയിറക്കിയത്. നാട്ടുകാരുടെ പക്കൽ നിന്നും കടം വാങ്ങിയും പലിശയ്ക്ക് എടുത്തുമാണ് അദ്ദേഹം 3000 മൂട് മരച്ചീനി നട്ടുപിടിപ്പിച്ചത്. ജോലിക്കാരെത്തുന്നതിന് മുൻപ് തന്നെ പാടത്തിറങ്ങുന്ന മുരളീധരൻ ഏറെ വൈകിയാണ് ജോലി അവസാനിപ്പിച്ചിരുന്നത്. പാരമ്പര്യ കർഷകനായ മുരളി കഴിഞ്ഞ വർഷങ്ങളിൽ ചീനി, വാഴ, ചേമ്പ്, ചേന, ഇഞ്ചി, പച്ചക്കറികൾ തുടങ്ങിയ കൃഷികളാണ് ചെയ്ത് വന്നിരുന്നത്. ഇത്തവണ കൂടുതൽ സ്ഥലത്ത് മരച്ചീനി നടുകയായിരുന്നു.
എന്നാൽ മുരളീധരന്റെ സ്വപ്നങ്ങളെയെല്ലാം തച്ചുടയ്ക്കുന്ന രീതിയിലായിരുന്നു കാട്ടുപന്നികളുടെ ആക്രമണം. ഒരു മൂട് മരച്ചീനി പോലും അവശേഷിക്കാത്ത അവസ്ഥയാണ്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി മുരളീധരക്കുറുപ്പ് പറയുന്നു.