പതിനെട്ടാംപടിയിൽ പൊലീസിന്റെ ബലപ്രയോഗമെന്ന് ആക്ഷേപം

Sunday 14 December 2025 12:21 AM IST

ശബരിമല : സുഗമമായ ദർശനവും സുരക്ഷയും പൊലീസ് ഉറപ്പാക്കുന്നുവെന്നു പൊലീസ് മേധാവി അവകാശപ്പെടുമ്പോഴും പതിനെട്ടാം പടി ചവിട്ടുന്ന അയ്യപ്പഭക്തർക്ക് മേൽ പൊലീസിന്റെ ബലപ്രയോഗമെന്ന് ആക്ഷേപം. ഒരു മിനിറ്റിൽ പരമാവധി തീർത്ഥാടകരെ പതിനെട്ടാംപടി കയറ്റി വിടാനുള്ള പൊലീസുകാരുടെ തത്രപ്പാടാണ് ബലപ്രയോഗത്തിന് കാരണമാകുന്നത്. ചില മേലുദ്യോഗസ്ഥർ സ്ഥലത്തെത്തി പതിനെട്ടാം പടിയിൽ നിൽക്കുന്ന പൊലീസുകാരെ ഭക്തരെ വേഗത്തിൽ കയറ്റിവിടാൻ സമ്മർദ്ദം ചെലുത്തുന്നതും പതിവ് കാഴ്ചയാണ്. ഇന്നലെ പതിനെട്ടാംപടി കയറി വന്ന തീർത്ഥാടകനെ പിടിച്ചു വലിച്ചു കയറ്റുന്നതിനിടയിൽ നിയന്ത്രണം തെറ്റി മുന്നോട്ടാഞ്ഞു പടിയിൽ മുട്ടുകുത്തി വീഴുന്ന സാഹചര്യമുണ്ടായി. കൊടിമരച്ചുവട്ടിൽ നിന്ന മറ്റു പൊലീസുകാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വീണു കൂടുതൽ അപകടമുണ്ടാക്കാതെ പോയത്. അനുവദനീയമായ സ്ഥലത്തു നിന്ന് ഈ ചിത്രം പകർത്താൻ ശ്രമിച്ച കേരളകൗമുദി ഫോട്ടോഗ്രാഫറെ പൊലീസ് തടയാൻ ശ്രമിക്കുകയും ഇത്തരം ഫോട്ടോകൾ എടുക്കാൻ പാടില്ലെന്ന് നിർദേശിക്കുകയും ചെയ്തു. പതിനെട്ടാം പടിയിലെ ബലപ്രയോഗത്തിനിടയിൽ കൂടുതൽ ബുദ്ധിമുട്ടുന്നത് കുട്ടികളാണ്.