തദ്ദേശ തിരഞ്ഞെടുപ്പ്: ജനവിധി ഇന്ന്, പ്രതീക്ഷയോടെ മുന്നണികൾ

Sunday 14 December 2025 12:26 AM IST

പത്തനംതിട്ട: ഇന്ന് രാവിലെ എട്ടുമണിയോടെ വോട്ടെണ്ണിത്തുടങ്ങി രണ്ടുമൂന്ന് മണിക്കൂറിനുള്ളിൽ തിരഞ്ഞെടുപ്പിലെ മുഴുവൻ ഫലങ്ങളും അറിയാനാകും. സ്ഥാനാർത്ഥികളുടെയും നേതാക്കളുടെയും നെഞ്ചിടിപ്പിന്റെ തോത് ഇപ്പോഴേ ഉച്ചസ്ഥായിലാണ്. തീപാറുന്ന പ്രചരണ പ്രവർത്തനങ്ങൾക്കൊടുവിൽ നടന്ന തിരഞ്ഞെടുപ്പിന്റെ വിധി ഇന്നു പറയുമ്പോൾ ജില്ലയുടെ രാഷ്ട്രീയ മനസിന്റെ പൂർണ ചിത്രം തെളിയും.

നിലവിൽ എൽ.ഡി.എഫ് നിലനിറുത്തുന്ന മേൽക്കോയ്മ തുടരുമോ എന്നും യു.ഡി.എഫ് മുൻപെങ്ങുമെല്ലാത്ത ഐക്യത്തോടെ പ്രവർത്തിച്ച തിരഞ്ഞെട‌ുപ്പിൽ ജില്ല തിരിച്ചുപിടിക്കാനുള്ള സുവർണാവസരം പ്രയോജനപ്പെട്ടോ എന്നുമറിയാം. എൻ.ഡി.എയും വലിയ പ്രതീക്ഷയിലാണ്.

ജില്ലയിൽ 12 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ എണ്ണും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റ് അതാത് വരണാധികാരികൾ എണ്ണും. വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റ് എണ്ണും. തുടർന്ന് മെഷീൻ വോട്ടും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ കൺട്രോൾ യൂണിറ്റുകൾ മാത്രമാണ് സ്‌ട്രോംഗ് റൂമുകളിൽ നിന്നും ടേബിളുകളിൽ എത്തിക്കുക.

വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർത്ഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സ്‌ട്രോംഗ് റൂം തുറന്ന് മെഷീൻ ഓരോ വാർഡിലെയും കൗണ്ടിംഗ് ഹാളിലെത്തിക്കും. വാർഡുകളുടെ ക്രമനമ്പർ പ്രകാരമായിരിക്കും വോട്ടിംഗ് മെഷീനുകൾ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കുക. ടേബിളിൽ വയ്ക്കുന്ന കൺട്രോൾ യൂണിറ്റിൽ സീൽ, സ്‌പെഷ്യൽ ടാഗ് എന്നിവ ഉണ്ടെന്ന് സ്ഥാനാർത്ഥികളുടെയോ കൗണ്ടിംഗ് , ഇലക്ഷൻ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ പരിശോധിച്ച് ഉറപ്പാക്കും. ഒരു വാർഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളുടെയും മെഷീനുകൾ ഒരു ടേബിളിൽത്തന്നെ ആയിരിക്കും എണ്ണുക. സ്ഥാനാർത്ഥിയുടെയോ സ്ഥാനാർത്ഥികൾ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിലാണ് വോട്ടെണ്ണൽ.

കൺട്രോൾ യൂണിറ്റിൽ നിന്ന് ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളുടെയും തുടർന്ന് ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥികളുടെയും വോട്ടുവിവരം ലഭിക്കും. ഓരോ കൺട്രോൾ യൂണിറ്റിലെയും ഫലം കൗണ്ടിങ് സൂപ്പർവൈസർ രേഖപ്പെടുത്തി വരണാധികാരിക്ക് നൽകും. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ വരണാധികാരി ഫലം പ്രഖ്യാപിക്കും. ഓരോ ബൂത്തും എണ്ണിതീരുന്നതനുസരിച്ച് വോട്ടുനില ട്രെൻഡിൽ അപ്ലോഡ് ചെയ്യും. ലീഡ് നിലയും ഫലവും തത്സമയം അറിയാം. കൗണ്ടിംഗ് ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, ഇലക്ഷൻ ഏജന്റുമാർ, കൗണ്ടിംഗ് ഏജന്റുമാർ എന്നിവർക്കാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം.

വോട്ടെണ്ണൽ എട്ട് മുതൽ

ആദ്യ ഫലം ഗ്രാമ പഞ്ചായത്തുകളുടേത്