വ്യക്തിഹത്യയ്ക്കെതിരെ വനിതാജഡ്ജി

Saturday 13 December 2025 1:31 AM IST

കൊച്ചി: നടി കേസിൽ പ്രതികളുടെ ശിക്ഷ സംബന്ധിച്ച വാദം നടക്കവേ തനിക്കെതിരായ ആരോപണങ്ങൾ പരാമർശിച്ച് ജഡ്ജി ഹണി എം. വർഗീസ്. ''ഈ കേസിന്റെ തുടക്കം മുതൽ കോടതിക്ക് അകത്തും പുറത്തും പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഹണിയുടെ ഭൂതകാലവും പശ്ചാത്തലവും തിരഞ്ഞോളൂ. എന്നാൽ ജുഡിഷ്യൽ സംവിധാനത്തെ അപകീർത്തിപ്പെടുത്തുന്നതിൽനിന്ന് അഭിഭാഷകരും റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാദ്ധ്യമങ്ങളും വിട്ടുനിൽക്കണം."" അല്ലാത്തപക്ഷം ഗൗരവമായി കാണും. കോടതിയലക്ഷ്യം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുനൽകി. അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധികളുണ്ടെന്നും ഓർമ്മിപ്പിച്ചു. നടൻ ദിലീപിനെ വെറുതേവിടുമെന്ന ഊമക്കത്തുകളടക്കം പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ്, മാദ്ധ്യമപ്രവർത്തകരായ എം.വി. നികേഷ്‌കുമാർ, ആന്റോ അഗസ്റ്റിൻ തുടങ്ങിയവർ എതിർകക്ഷികളായ കോടതിഅലക്ഷ്യ ഹർജികൾ ഇന്നലെ കോടതിക്ക് മുമ്പാകെ വന്നിരുന്നു. ഇവ വാദത്തിനായി 18ലേക്ക് മാറ്റി. സ്ത്രീയെ മനുഷ്യനായി കാണാതെ ഉപഭോഗവസ്തുവായി കാണുന്ന സമീപനമാണ് നടി കേസിലുണ്ടായതെന്നും സ്ത്രീകളോടുള്ള ഈ സമീപനത്തെ അപലപിക്കുന്നതായും പ്രോസിക്യൂഷൻ വാദിച്ചു. വനിതാ ജഡ്ജിയായാലും ഈ സമീപനംതന്നെ ആയിരിക്കുമല്ലോയെന്ന് കോടതി ചോദിച്ചു.